ദൗർഭാഗ്യം 2 വട്ടം: ബൽജിയം വീണു
Mail This Article
ബർലിൻ ∙ ആദ്യ രാജ്യാന്തര കിരീട നേട്ടമെന്ന സ്വപ്നവുമായി യൂറോയ്ക്കെതിരെ ബൽജിയത്തിന് അപ്രതീക്ഷിത തിരിച്ചടി. ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ദുർബലരായ സ്‌ലൊവാക്യയ്ക്കു പരിചയസമ്പത്തിൽ മുന്നിലുള്ള ബൽജിയത്തിനെതിരെ അട്ടിമറി ജയം. സ്കോർ: സ്‌ലൊവാക്യ–1, ബൽജിയം–0.
സൂപ്പർ താരം റൊമേലു ലുക്കാകു 2 തവണ സ്കോർ (57, 88 മിനിറ്റുകൾ) ചെയ്തെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറിയുടെ രൂപത്തിലെത്തിയ ദൗർഭാഗ്യം ബൽജിയത്തിനു തിരിച്ചടിയായി. ആദ്യത്തേതിന് ഓഫ് സൈഡും രണ്ടാമത്തേതിനു നേരിയ ഹാൻഡ് ബോളുമാണു ഗോൾ നിഷേധിക്കാൻ കാരണം. ഇതോടൊപ്പം 3 സുവർണാവസരങ്ങൾ ലുക്കാകുവിനു ഗോളാക്കാനും കഴിഞ്ഞില്ല.
7–ാം മിനിറ്റിൽ ബൽജിയം പെനൽറ്റി ഏരിയയിൽ ലഭിച്ച പന്ത് ഗോളിലേക്കു തൊടുത്ത ഇവാൻ സ്ക്രാൻസാണ് സ്‌ലൊവാക്യയുടെ സ്കോറർ. ആദ്യ മിനിറ്റുകളിൽ ജെറമി ഡോക്കുവിന്റെയും ട്രോസാഡിന്റെയും ഷോട്ടുകൾ സേവ് ചെയ്ത സ്‌ലൊവാക്യൻ ഗോളി മാർട്ടിൻ ഡുബ്രാവ്കയ്ക്കു ഗോൾ വീണതോടെ വിശ്രമമുണ്ടായിരുന്നില്ല. ഡോക്കുവിനൊപ്പം ക്യാപ്റ്റൻ കെവിൻ ഡിബ്രൂയ്നെ, അമഡൗ ഒനാന, പകരക്കാരായി എത്തിയ ജൊഹൻ ബാക്കയൊകോ എന്നിവരുടെ ഉറച്ച ഗോൾ ഷോട്ടുകൾ ഡുബ്രാവ്ക തടഞ്ഞു. 23ന് റുമാനിയയ്ക്കെതിരെയാണു ബൽജിയത്തിന്റെ രണ്ടാം ഗ്രൂപ്പ് മത്സരം.