ADVERTISEMENT

ഡോർട്മുണ്ട് (ജർമനി) ∙ ആദ്യമായി യൂറോയ്ക്കെത്തിയ ജോർജിയയ്ക്കു തുർക്കിയുടെ ആത്മവീര്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഗ്രൂപ്പ് എഫിലെ വാശിയേറിയ പോരാട്ടത്തിൽ 2 ലോകോത്തര ഗോളുകൾ നേടിയ തുർക്കി ടീമിന് ഈ യൂറോയിലെ ‘യുവ തുർക്കി’ പട്ടം സ്വന്തം! സ്കോർ: തുർക്കി–3, ജോർജിയ–1.തുർക്കിക്കായി മെർട്ട് മുൽദുർ (25–ാം മിനിറ്റ്), യുവതാരം ആർദ ഗുലർ (65), മുഹമ്മദ് കരീം അതുർകൊഗ്ലു (90+7) എന്നിവർ ഗോൾ നേടി. ജോർജസ് മികാഡ്സെന്റെ (32) വകയാണു ജോർജിയയുടെ ഗോൾ. രണ്ടു മനോഹരമായ ഗോളുകളാണു തുർക്കിയുടെ വിജയം ഒരുക്കിയത്. ജോർജിയൻ ഡിഫൻസ് ക്ലിയർ ചെയ്ത ബോൾ, കണ്ണഞ്ചിപ്പിക്കുന്ന വോളിയൂടെയാണ് റൈറ്റ് ബാക്ക് മെർട്ട് മുൽദുർ തുർക്കിയുടെ ആദ്യ ഗോളാക്കി മാറ്റിയത്. ലീഡ് നേടി അടുത്ത മിനിറ്റിൽ തന്നെ തുർക്കി രണ്ടാം ഗോൾ നേടിയെങ്കിലും ഓഫ് സൈഡായി. 32–ാം മിനിറ്റിൽ ജോർജസ് മികാഡ്സിലൂടെ ജോർജിയ സമനില പിടിച്ചു. 

റയൽ മഡ്രിഡ് താരം ആർദ ഗുലർ 25 വാര അകലെ നിന്നു തൊടുത്ത ഷോട്ടാണ് തുർക്കിയുടെ രണ്ടാം ഗോളായത്. ഷോട്ട് സുന്ദരമായി വളഞ്ഞ് ജോർജിയൻ വലയിലെത്തി. ഇതിനു ശേഷവും തുർക്കി ടീമിനു നല്ല അവസരം ലഭിച്ചെങ്കിലും ജോർജിയയുടെ ഗോൾകീപ്പർ ഗിരോഗി മാമർദാഷ്‌വിൽ സ്കോർ 2–1ൽ നിലനിർത്തി. അവസാനം ജോർജിയ തുടർആക്രമണങ്ങൾ നടത്തിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല. രണ്ടാം പകുതിയുടെ അധിക സമയത്ത് ഗോൾകീപ്പർ വരെ തുർക്കി പോസ്റ്റിൽ ഗോളടിക്കാനെത്തി. എന്നാൽ കൗണ്ടർ അറ്റാക്കിലൂടെ മുഹമ്മദ് കരീം അതുർകൊഗ്ലു ഗോളിയില്ലാ പോസ്റ്റിലേക്ക് നിറയൊഴിച്ച് തുർക്കിയുടെ മൂന്നാം ഗോൾ നേടി. 

English Summary:

Turkey wins against Georgia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com