കോപ്പ അമേരിക്ക ഫുട്ബോൾ നാളെ മുതൽ; വേദി യുഎസ്എ; തുളുമ്പട്ടെ,കോപ്പ!
Mail This Article
അറ്റ്ലാന്റ (യുഎസ്) ∙ വിജയാഹ്ലാദങ്ങളും കണ്ണീരും പിറക്കാനിരിക്കുന്ന കോപ്പ അമേരിക്കയ്ക്കൊപ്പം ഇത്തവണ ജന്മദിനം ആഘോഷിക്കാൻ യുഎസിലെത്തിയ ഒട്ടേറെ താരങ്ങളുണ്ട്. പ്രിയതാരം അർജന്റീനയുടെ ലയണൽ മെസ്സി മുതൽ യുറഗ്വായ് സ്ട്രൈക്കർ ഡാർവിൻ ന്യൂനസ് വരെയുള്ള താരങ്ങൾ കോപ്പയ്ക്കിറങ്ങുന്നത് ‘ബർത്ത്ഡേ ബോയ്സ്’ എന്ന പകിട്ടുമായാണ്. ഇരുവരുടെയും ജന്മദിനം 24നാണ്.
100 വർഷത്തിലേറെ പാരമ്പര്യമുണ്ടെങ്കിലും പതിനെട്ടിന്റെ ചുറുചുറുക്കുള്ള കോപ്പ അമേരിക്ക ഫുട്ബോളിന് നാളെ യുഎസിൽ കിക്കോഫ്. യുഎസിലെ 10 നഗരങ്ങളിലെ 14 സ്റ്റേഡിയങ്ങളിലാണു മത്സരങ്ങൾ. അറ്റ്‌ലാന്റയിലെ മെഴ്സിഡീസ് ബെൻസ് സ്റ്റേഡിയത്തിൽ നാളെ പുലർച്ചെ 5.30നാണ് ആദ്യ മത്സരം. നിലവിലെ ചാംപ്യന്മാരായ അർജന്റീയനയും കാനഡയും ഏറ്റുമുട്ടും.ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ ദിവസവും 2 മത്സരങ്ങൾ വീതമുണ്ട്. മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ജൂലൈ 15നാണ് ഫൈനൽ. നാലു ടീമുകൾ അടങ്ങുന്ന 4 ഗ്രൂപ്പുകളുടെ മത്സരമാണു ഗ്രൂപ്പ് ഘട്ടത്തിൽ. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ 2 സ്ഥാനക്കാർ നോക്കൗട്ട് ഘട്ടത്തിലെത്തും. അർജന്റീനയും യുറഗ്വായും 15 തവണ വീതം കോപ്പ കിരീടം നേടിയിട്ടുണ്ട്. ബ്രസീൽ 9 തവണയും. ചിലെ, പരാഗ്വയ്, പെറു ടീമുകൾ 2 തവണ വീതവും ബൊളീവിയ, കൊളംബിയ എന്നിവർ ഓരോ തവണയും കിരീടം നേടി.
ഉദ്ഘാടനത്തിന് കൊളംബിയൻ ഗായകൻ ഫീഡ്
അറ്റ്ലാന്റ (യുഎസ്) ∙ കോപ്പ അമേരിക്കയുടെ ഉദ്ഘാടനച്ചടങ്ങിൽ ലാറ്റിൻ ഗായകൻ ഫീഡിന്റെ സംഗീതവിരുന്ന്. അർജന്റീന– കാനഡ മത്സരത്തിനു മുൻപാണ് ഉദ്ഘാടനച്ചടങ്ങ്. കൊളംബിയൻ സംഗീതജ്ഞനും നിർമാതാവുമാണ് ഫീഡ്. അദ്ദേഹത്തിന്റെ പുതിയ സംഗീത ഹിറ്റുകൾ ഉൾക്കൊള്ളുന്നതാണ് ഷോ. ആരാധകർക്കിടയിൽ ഫീഡിന്റെ സംസാര രീതിയും പാട്ടുകളും വസ്ത്രധാരണം പോലും ആവേശമാണ്. ഇഡിഎം, ഹിപ്–ഹോപ്, റിഥം ആൻഡ് ബ്ലൂസ് അഫ്രോബാറ്റ് വരെയുള്ള സംഗീതം അദ്ദേഹത്തിന്റെ മുഖമുദ്രയാണ്.