പറക്കും കപ്പിത്താൻ
Mail This Article
കപ്പിത്താൻ എന്ന പേരുള്ള കഴുകനാണ് ഈ കോപ്പ അമേരിക്കയുടെ ചിഹ്നം. പങ്കെടുക്കുന്ന ടീമുകളുടെ സവിശേഷതയായി നിശ്ചയദാർഢ്യം, സ്വാതന്ത്ര്യം തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നു. തെക്കേ അമേരിക്കയുടെയും യുഎസിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെ പ്രതീകം കൂടിയാണ് കഴുകൻ.
ട്രോഫിക്ക് വെള്ളിച്ചന്തം
1917ലെ ദക്ഷിണ അമേരിക്കൻ ചാംപ്യൻഷിപ്പിൽ സമ്മാനിക്കുന്നതിന് അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ കാസ എസ്കസാനി എന്ന സ്വർണാഭരണ നിർമാണക്കമ്പനി തയാറാക്കിയതാണ് യഥാർഥ കോപ്പ അമേരിക്ക ട്രോഫി. ഈ മത്സരമാണു പിന്നീടു കോപ്പ അമേരിക്ക എന്ന് അറിയപ്പെട്ടത്. 11.85 കിലോഗ്രാമാണു ഭാരം. 1979ൽ തടിയിൽ നിർമിച്ച പ്രതലവും 1995ൽ മൂന്നാം നിരയും ട്രോഫിയോടു കൂട്ടിച്ചേർത്തു. ചാംപ്യന്മാരാകുന്ന രാജ്യങ്ങളുടെ പേരുകൾ ട്രോഫിയിൽ ചേർക്കും.
ലോകകപ്പിന്റെ ട്രയൽ
യുഎസിലും കാനഡയിലും മെക്സിക്കോയിലുമായി 2026–ൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ട്രയൽ റൺ കൂടിയാണ് ഈ കോപ്പ അമേരിക്ക. കോപ്പ അമേരിക്കയുടെ അതേ സ്റ്റേഡിയങ്ങൾ തന്നെയാകും രണ്ടു വർഷത്തിനു ശേഷം ലോകകപ്പിനും വേദിയാകുക.
കോപ്പയുടെ പന്ത് കുംബ്രെ
കോപ്പ അമേരിക്ക മത്സരങ്ങൾക്കുള്ള ഔദ്യോഗിക പന്ത് പ്യൂമയുടെ കുംബ്രെ. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ആകൃതി അടിസ്ഥാനമാക്കിയാണു രൂപകൽപന. ഫിഫ നിഷ്കർഷിക്കുന്ന ഉയർന്ന നിലവാരത്തിലുള്ള പ്രകടനത്തിനു സഹായിക്കുന്ന സാങ്കേതിക വിദ്യയാണു പന്തിൽ ഉപയോഗിച്ചിരിക്കുന്നത്. സീൽ ചെയ്ത 12 പാനലുകൾ ഉറപ്പും ഭാരം തുല്യമാക്കാനും സഹായിക്കും.
പെലെയും മറഡോണയും നേടാത്ത കോപ്പ
ഫുട്ബോൾ ഇതിഹാസങ്ങളായ ബ്രസീലിന്റെ പെലെയ്ക്കും അർജന്റീനയുടെ ഡിയേഗോ മറഡോണയ്ക്കും ഇല്ലാത്ത കിരീടമാണു കോപ്പ അമേരിക്ക. മറഡോണ അർജന്റീനയ്ക്കൊപ്പം 3 കോപ്പ കളിച്ചിട്ടുണ്ട്. ഒരു തവണ മൂന്നാം സ്ഥാനവും. 4 ഗോളുകളും നേടി. പെലെ 1959–ലെ ടൂർണമെന്റിൽ മാത്രമാണു പങ്കെടുത്തത്. അന്നു 8 ഗോളുകൾ നേടി കളിയിലെ ടോപ് സ്കോററായി.