ADVERTISEMENT

സ്റ്റുട്ഗർട്ട് ∙ യൂറോ കപ്പിൽ ‘ജർമൻ മെഷീന്റെ’ കുതിപ്പു തുടരുന്നു. പൊരുതിക്കളിച്ച ഹംഗറിയെ 2–0നു തോൽപിച്ച് ജർമനി ഗ്രൂപ്പ് എയിൽ നിന്ന് പ്രീക്വാർട്ടർ ഉറപ്പിച്ചു. ജർമനിയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ സ്കോട്‌‌ലൻഡിനെ ആതിഥേയർ 5–1നു തോൽപിച്ചിരുന്നു. 

ഇന്നലെ സ്റ്റുട്ഗർട്ടിലെ എംഎച്ച്പി അരീനയിൽ ജമാൽ മുസിയാലയും (22–ാം മിനിറ്റ്) ഇൽകായ് ഗുണ്ടോവനുമാണ് (67–ാം മിനിറ്റ്) ജർമനിക്കായി ഗോൾ നേടിയത്. ജർമനിയുടെ ആധിപത്യത്തിനിടയിലും ആവേശം വിടാതെ കളിച്ച ഹംഗറി പലവട്ടം ഗോളിനടുത്തെത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ തിരിച്ചടിയായി. 

ഹാഫ്ടൈമിനു തൊട്ടു മുൻപ് റോളണ്ട് സലായ് ജർമൻ വലയിൽ പന്തെത്തിച്ചെങ്കിലും ഓഫ്സൈഡ് ആയിപ്പോയി. 90–ാം മിനിറ്റിൽ ഹംഗറിയുടെ ഒരു ശ്രമം ജോഷ്വ കിമ്മിക് ഗോൾലൈൻ ക്ലിയറൻസിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തു.

സ്റ്റുട്ഗർട്ടുകാരനായ മുസിയാലയുടെ ഓരോ നീക്കങ്ങൾക്കും ആർപ്പുവിളിച്ച ഗാലറിയുടെ ആരവം ഏറ്റവും ഉയർന്നു മുഴങ്ങിയത് ആദ്യം പകുതിയിൽ ഇരുപത്തിയൊന്നുകാരൻ മിഡ്ഫീൽഡർ ഗോൾ നേടിയപ്പോൾ. 

ഹംഗറി പെനൽറ്റി ഏരിയയിൽ ക്യാപ്റ്റൻ ഗുണ്ടോവൻ മറിച്ചു നൽകിയ പന്ത് മുസിയാല തന്ത്രപരമായി ഗോളിലേക്കു തിരിച്ചുവിട്ടു. രണ്ടാം പകുതിയിൽ മാക്സിമിലിയൻ മിറ്റെൽസ്റ്ററ്റിന്റെ അസിസ്റ്റിൽ നിന്ന് ഗുണ്ടോവനും ലക്ഷ്യം കണ്ടതോടെ ജർമൻ ജയം പൂർണം.

English Summary:

Euro cup football 2024 Group A Germany vs Hungary match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com