യൂറോ കപ്പ്: സ്വിറ്റ്സർലൻഡ് – സ്കോട്‌ലൻഡ് ആവേശപ്പോരാട്ടം സമനിലയിൽ
Mail This Article
കൊളോൺ ∙ യൂറോ കപ്പ് എ ഗ്രൂപ്പിലെ രണ്ടു ‘ലാൻഡുകൾ’ തമ്മിലുള്ള ആവേശപ്പോരാട്ടം സമനിലയിൽ. സ്കോർ: സ്കോട്‌ലൻഡ്–1, സ്വിറ്റ്സർലൻഡ്–1. സ്കോട്‌ലൻഡിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്കോട് മക്ടോമിനേയും (13–ാം മിനിറ്റ്) സ്വിസ്സിനായി മുൻ ലിവർപൂൾ താരം ഷെർദാൻ ഷക്കീരിയും (26) ഗോളുകൾ നേടി.
ഒരു പോയിന്റ് നേടിയെങ്കിലും എ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായ സ്കോട്‌ലൻഡിന്റെ നോക്കൗട്ട് സാധ്യത മങ്ങി. നാലു പോയിന്റുമായി സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്താണ്. സ്വിറ്റ്സർലൻഡ് കോർണറിൽ നിന്നു തുടങ്ങിയ കൗണ്ടർ അറ്റാക്ക് ആണു സ്കോട്‌ലൻഡ് ഗോളിന് വഴിയൊരുക്കിയത്.
ക്യാപ്റ്റൻ ആൻഡി റോബട്സൺ നീട്ടി നൽകിയ പന്ത് കല്ലം മക്ഗ്രഗർ, മക്ടോമിനേയ്ക്കു നൽകി. യുണൈറ്റഡ് താരത്തിന്റെ ഫസ്റ്റ് ടൈം ഷോട്ട് സ്വിസ്സ് ഡിഫൻഡർ ഫാബിയാൻ ഷാറിന്റെ ശരീരത്തിൽ തട്ടി വലയിൽ. സ്കോട്‌ലൻഡ് പ്രതിരോധ നിരയുടെ പിഴവിൽ നിന്നാണു സ്വിറ്റ്സർലൻഡ് സമനില ഗോൾ നേടിയത്. ആന്തണി റാൽസ്ടൻ വിട്ടു നൽകിയ പന്ത് സുന്ദരമായ സ്ട്രൈക്കിലൂടെ ഷക്കീരി ഗോളിലെത്തിച്ചു.