ഗോളടിച്ച് മോർട്ടൻ ഹ്യുൽമണ്ട്; ഇംഗ്ലണ്ടിനെ സമനിലയിൽ പിടിച്ചുനിർത്തി ഡെൻമാർക്ക് (1-1)
Mail This Article
ഫ്രാങ്ക്ഫുർട്ട് ∙ മത്സര പരിചയത്തിലും കളിമികവിലും മുൻപന്തിയിലുള്ള ഇംഗ്ലിഷ് സ്ക്വാഡിനെ സമനിലയിൽ പിടിച്ചുകെട്ടി ഡാനിഷ് ഗ്യാങ്! സ്കോർ: ഇംഗ്ലണ്ട്–1, ഡെൻമാർക്ക്–1. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി കെയ്നും (18–ാം മിനിറ്റ്) ഡെൻമാർക്കിനായി ഡിഫൻഡർ മോർടൻ യുലെമണ്ടും (34) സ്കോർ ചെയ്തു. യൂറോ കപ്പ് സി ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ ഡെൻമാർക്കിനോടു സമനില വഴങ്ങിയെങ്കിലും ഇംഗ്ലണ്ടിന്റെ നോക്കൗട്ട് സ്വപ്നങ്ങൾക്കു തടസ്സമില്ല. ഒരു ജയവും സമനിലയുമായി 4 പോയിന്റോടെ ഇംഗ്ലണ്ടാണു ഗ്രൂപ്പിൽ ഒന്നാമത്.
ഡെൻമാർക്കിന്റെ പ്രതിരോധപ്പിഴവിൽ നിന്നാണ് ഇംഗ്ലണ്ട് ആദ്യം ഗോൾ നേടിയത്. ഡാനിഷ് ഡിഫൻഡർ ജൊയാകിം ആൻഡേഴ്സണിൽ നിന്നു തട്ടിയെടുത്ത ബോൾ ഇംഗ്ലിഷ് ഡിഫൻഡർ കൈൽ വോക്കർ ഗോളിലേക്കു നൽകി. പോസ്റ്റിനു സമീപത്തുണ്ടായിരുന്ന ബയൺ മ്യൂണിക് താരം കൂടിയായ ഹാരി കെയ്ൻ ക്ലോസ് റേഞ്ചിൽ അനായാസമായി ഫിനിഷ് ചെയ്തു.
ഗോൾ വീണെങ്കിലും പതിയെ കളിയുടെ നിയന്ത്രണം നേടിയ ഡെൻമാർക്ക് കിടിലൻ ലോങ് റേഞ്ച് ഗോളിലൂടെയാണു സമനില പിടിച്ചത്. 30 വാര അകലെ നിന്നു സ്പോർട്ടിങ് സിപിയുടെ മിഡ്ഫീൽഡറായ മോർടൻ യുലെമണ്ട് തൊടുത്ത ഷോട്ടാണ് ഗോളായത്.
ഇംഗ്ലണ്ട് പ്രതിരോധ നിരയിലൂടെയെത്തിയ ഷോട്ട് ഗോളി ജോർഡൻ പിക്ഫോഡ് ചാടിവീണു രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പന്ത് പോസ്റ്റിലുരഞ്ഞു ഗോളിലെത്തി. രണ്ടാം പകുതിയിൽ യുവതാരം ഫിൽ ഫോഡന്റെ ഷോട്ട് ഡെൻമാർക്ക് പോസ്റ്റിലിടിച്ചു. വിജയഗോൾ നേടാൻ രണ്ടാം പകുതിയിൽ ഇരു ടീമുകളും നന്നായി ശ്രമിച്ചെങ്കിലും സ്കോർ 1–1 തന്നെയായി.