മെസ്സിയെ കാത്ത് റെക്കോർഡുകൾ
Mail This Article
അറ്റ്ലാന്റ (യുഎസ്) ∙ അർജന്റീനയ്ക്കൊപ്പം മൂന്നാം രാജ്യാന്തര കിരീടം എന്നതിനൊപ്പം കോപ്പ അമേരിക്കയിൽ വ്യക്തിഗത റെക്കോർഡുകളും ലക്ഷ്യമിട്ട് ലയണൽ മെസ്സി. ഇന്ന് കാനഡയ്ക്കെതിരെ കളത്തിലിറങ്ങുന്നതോടെ കോപ്പയിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് മെസ്സിക്ക് ഒറ്റയ്ക്കു സ്വന്തമാകും. ചിലെയുടെ സെർജിയോ ലിവിങ്സ്റ്റനാണ് ഇപ്പോൾ മെസ്സിക്കൊപ്പമുള്ളത് (34 മത്സരങ്ങൾ വീതം). 5 ഗോളുകൾകൂടി നേടിയാൽ ടൂർണമെന്റ് ചരിത്രത്തിലെ ഗോൾ സ്കോറർമാരിലും മെസ്സി ഒന്നാമതെത്തും. ഇപ്പോൾ 13 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. മുൻ അർജന്റീന താരം നോർബെർട്ടോ മെൻഡിസ്, മുൻ ബ്രസീൽ താരം സിസീഞ്ഞോ എന്നിവരാണ് (17 വീതം) ഒന്നാം സ്ഥാനത്ത്.
മുപ്പത്തിയേഴുകാരനായ മെസ്സി ഈ കോപ്പ ചാംപ്യൻഷിപ്പോടെ രാജ്യാന്തര ഫുട്ബോളിനോടു വിട പറയും എന്ന ചർച്ചകളും സജീവമാണ്. 2026ൽ യുഎസിൽ തന്നെ നടക്കുന്ന ലോകകപ്പിലും മെസ്സി കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷയെങ്കിലും മെസ്സി മനസ്സു തുറന്നിട്ടില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട് എംഎൽഎസ് ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയതിനു ശേഷം പരുക്കുകളും മെസ്സിയെ അലട്ടുന്നുണ്ട്.
കോപ്പയിൽ നാളെ ചിലെ– പെറു
കോപ്പ അമേരിക്ക ഗ്രൂപ്പ് എയിൽ നാളെ നടക്കുന്ന മത്സരത്തിൽ ചിലെ പെറുവിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് കിക്കോഫ്. അതേ സമയം ഇന്ത്യയിൽ കോപ്പ അമേരിക്കയുടെ സംപ്രേഷണ കാര്യത്തിൽ ഇപ്പോഴും സ്ഥിരീകരണമില്ല. മത്സരങ്ങൾ സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിരുന്ന സോണി, ഫാൻ കോഡ് ആപ്പുകൾ കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു.