ADVERTISEMENT

മ്യൂണിക് ∙ ബാൾക്കൻ രാജ്യങ്ങളായ സെർബിയ, അൽബേനിയ തുടങ്ങിയവ തമ്മിലുള്ള രാഷ്ട‌്രീയ വിവാദം യൂറോയിലേക്കും. പ്രകോപനപരമായ ബാനർ ഉയർത്തിയതടക്കമുള്ള ആരാധകരുടെ അതിരുവിട്ട ആഘോഷ പ്രകടനങ്ങളെ തുടർന്നു അൽബേനിയൻ, സെർബിയൻ ഫുട്ബോൾ ഫെഡറേഷനുകൾക്കു 10000 യൂറോ വീതം (ഏകദേശം 9 ലക്ഷം രൂപ) യുവേഫ പിഴ ചുമത്തിയതോടെ വിവാദം കളത്തിനകത്തും പുറത്തും ചൂടുപിടിച്ചു. അൽബേനിയൻ, ക്രൊയേഷ്യൻ ആരാധകരെ നിയന്ത്രിച്ചില്ലെങ്കിൽ യൂറോയിൽ നിന്നു പിൻമാറുന്നതുൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങുമെന്ന് സെർബിയൻ ഫുട്ബോൾ അസോസിയേഷനും അറിയിച്ചു.

ഇറ്റലിക്കെതിരായ മത്സരത്തിനിടെ ഗാലറിയിൽ ദേശീയ മുദ്രാവാക്യങ്ങൾ ഉയർത്തിയ അൽബേനിയൻ കാണികൾ മൈതാനത്തേക്ക് കുപ്പികളും ബീയർ കാനുകളും വലിച്ചെറിഞ്ഞിരുന്നു. അൽബേനിയ–ക്രൊയേഷ്യ മത്സരത്തിനിടെ ഇരുടീമുകളുടെയും ആരാധകർ ഗാലറിയിൽ സെർബിയൻ വിരുദ്ധ ബാനറുകൾ ഉയർത്തുകയും ചെയ്തു. ഇംഗ്ലണ്ട്–സെർബിയ മത്സരത്തിനിടെ തങ്ങൾക്കെതിരെ രാഷ്ട്രീയ പരാമർശങ്ങളും വംശീയ അധിക്ഷേപവും അടങ്ങുന്ന ബാനർ ഉയർത്തിയെന്നു ചൂണ്ടിക്കാട്ടി കൊസവോ ഫുട്ബോൾ ഫെഡറേഷൻ നൽകിയ പരാതിയെത്തുടർന്നാണു യുവേഫ സെർബിയൻ ഫുട്ബോൾ അസോസിയേഷനു പിഴ ചുമത്തിയത്. ഇന്നലെ സെർബിയ–സ്‍ലൊവേനിയ മത്സരത്തിലും ഗാലറിയിൽ ആരാധകരുടെ അതിക്രമം തുടർന്നു. 

അവിഭക്ത യുഗോ‍സ്‍ലാവിയയുടെ ഭാഗമായിരുന്നതാണ് ഈ രാജ്യങ്ങളെല്ലാം. സെർബിയൻ ആധിപത്യത്തിൽ നിന്ന് 2008ലാണ് അൽബേനിയൻ വംശജർ ഏറെയുള്ള കൊസവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. എന്നാൽ സെർബിയ ഇത് അംഗീകരിച്ചിട്ടില്ല. സെർബിയയുമായി സംഘർഷഭരിതമായ ബന്ധമുള്ള അൽബേനിയയും ക്രൊയേഷ്യയും കൊസവോയെ അനുകൂലിക്കുന്നതിനാൽ ഈ രാജ്യങ്ങളുടെ ആരാധകർ തമ്മിലുള്ള മുദ്രാവാക്യങ്ങളും ബാനറുകളും കളിക്കളത്തിലും പതിവാണ്. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ മത്സരത്തിനു ശേഷം കോർട്ടിനു പുറത്തുള്ള ക്യാമറയുടെ ലെൻസിൽ ‘കൊസവോ സെർബിയയുടെ ഹൃദയമാണ്’ എന്നെഴുതിയ സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് വലിയ വിവാദത്തിൽപെട്ടിരുന്നു.

English Summary:

UEFA fines Serbian and Albanian federations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com