ADVERTISEMENT

കൊളോൺ ∙ കഴിഞ്ഞ മൂന്നു ലോകകപ്പിലും മൂന്നു യൂറോ കപ്പിലും ഗോൾ നേടിയ ആദ്യ താരമായി സ്വിറ്റ്സർലൻഡിന്റെ ഷെർദാൻ ഷക്കീരി. ബുധനാഴ്ച രാത്രി, യൂറോയിലെ എ ഗ്രൂപ്പ് മത്സരത്തിൽ സ്കോട്‌ലൻഡിനെതിരെ സമനില ഗോൾ നേടിയതോട‌െയാണ് ഷക്കീരി സുവർണ നേട്ടം സ്വന്തമാക്കിയത്. 2014, 2018, 2022 ലോകകപ്പുകളിലും 2016, 2020 യൂറോ കപ്പുകളിലും ഷക്കീരി ഗോളടിച്ചിരുന്നു. 26–ാം മിനിറ്റിലാണ് മുൻ ലിവർപൂൾ താരമായ ഷക്കീരി സ്വിറ്റ്സർലൻഡിനായി സമനില ഗോൾ നേടിയത്. നിലവിൽ മേജർ ലീഗ് സോക്കർ ടീം ഷിക്കാഗോ ഫയറിന്റെ താരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സ്കോട് മക്ടോമിനേയു‌‌ട‌െ ഗോളിൽ 13–ാം മിനിറ്റിൽ സ്കോട്‍ലൻഡ് മുന്നിലെത്തിയിരുന്നു. ഇരു ടീമുകളും ഒരു പോയിന്റു വീതം പങ്കുവച്ചു. പോയിന്റ് നേടിയെങ്കിലും എ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായ സ്കോട്‌ലൻഡിന്റെ നോക്കൗട്ട് സാധ്യത മങ്ങി. ആദ്യ മത്സരത്തിൽ ജർമനിയോട് അവർ വൻതോൽവി വഴങ്ങിയിരുന്നു (5–1). നാലു പോയിന്റുമായി സ്വിറ്റ്സർലൻഡ് രണ്ടാം സ്ഥാനത്താണ്. 

കൊളോൺ സ്റ്റേഡിയത്തിൽ സ്വിറ്റ്സർലൻഡ് കോർണറിൽ നിന്നു തുടങ്ങിയ കൗണ്ടർ അറ്റാക്ക് ആണു സ്കോട്‌ലൻഡ് ഗോളിനു വഴിയൊരുക്കിയത്. ക്യാപ്റ്റൻ ആൻഡി റോബട്സൻ നീട്ടി നൽകിയ പന്ത് കല്ലം മക്ഗ്രഗർ, മക്ടോമിനേയ്ക്കു നൽകി. യുണൈറ്റഡ് താരത്തിന്റെ ഫസ്റ്റ് ടൈം ഷോട്ട് സ്വിസ്സ് ഡിഫൻഡർ ഫാബിയാൻ ഷാറിന്റെ ശരീരത്തിൽ തട്ടി വലയിൽ. സ്കോട്‌ലൻഡ് പ്രതിരോധ നിരയുടെ പിഴവിൽ നിന്നാണ് സ്വിറ്റ്സർലൻഡ് സമനില ഗോൾ നേടിയത്. ആന്തണി റാൽസ്ടൻ വിട്ടു നൽകിയ പന്ത് സുന്ദരമായ സ്ട്രൈക്കിലൂടെ ഷക്കീരി ഗോളിലേക്കു പായിച്ചു. സ്കോട്‌ലൻഡ് ഗോളി അൻഗുസ് ഗൺ ഡൈവ് ചെയ്തെങ്കിലും പന്ത് വലയിലെത്തി. 

English Summary:

Xherdan Shaqiri was the first player to score a goal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com