ADVERTISEMENT

കൊളോൺ ∙ ഹെഡ് കോച്ച് ഗാരത് സൗത്ത്ഗേറ്റിന്റെ പരീക്ഷണങ്ങൾ ലക്ഷ്യം കാണാതെ പോയ യൂറോ കപ്പ് മത്സരത്തിൽ സ്‌ലൊവേനിയയ്ക്കെതിരെ സമനിലയിൽ കുരുങ്ങി ഇംഗ്ലണ്ട് (0–0). മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ നടന്ന മറ്റൊരു സി ഗ്രൂപ്പ് മത്സരത്തിൽ സെർബിയയ്ക്കെതിരെ ഡെൻമാർക്കും ഗോൾരഹിത സമനില വഴങ്ങി. ഒരു ജയവും 2 സമനിലയുമായി ഇംഗ്ലണ്ട് (5 പോയിന്റ്) ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലെത്തി. രണ്ടാം സ്ഥാനക്കാരായി ഡെൻമാർക്കും 

(3 പോയിന്റ്) നോക്കൗ‌ട്ടിലെത്തി. 3 പോയിന്റുള്ള സ്‌ലൊവേനിയയ്ക്കും മികച്ച മൂന്നാം സ്ഥാന നേട്ടവുമായി നോക്കൗട്ടിലെത്താൻ അവസരമുണ്ട്. മറ്റു ഗ്രൂപ്പുകളിലെ മത്സരങ്ങൾ അവസാനിക്കാൻ കാത്തിരിക്കണമെന്നു മാത്രം. 2 പോയിന്റ് മാത്രമുള്ള സെർബിയ യൂറോ കപ്പിൽ നിന്നു പുറത്തായി. 

സ്‍ലൊവേനിയയ്ക്കെതിരെ ആദ്യ പകുതി വളരെ ലാഘവത്തോടെ കളിച്ച ഇംഗ്ലണ്ടിനു മികച്ച മുന്നേറ്റങ്ങളോ, കൃത്യതയുള്ള പാസുകളോ കണ്ടെത്താനായില്ല. പെനൽറ്റി ഏരിയയ്ക്കു 29 വാര അകലെ നിന്നു ഫിൽ ഫോഡന്റെ ഫ്രീകിക്ക് സ്‌ലൊവേനിയൻ ഗോളി യാൻ ഒബ്ലാക് സേവ് ചെയ്തതാണ് ഏക ഗോൾ ഷോട്ട്. 21–ാം മിനിറ്റിൽ ഫോ‍ഡന്റെ അസിസ്റ്റിൽ ബുകായോ സാക പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡ് വിധി വന്നു. മറുവശത്ത് കൗണ്ടർ അറ്റാക്കിലൂടെ ഗോളടിക്കാനായിരുന്നു സ്‌ലൊവേനിയയുടെ ശ്രമം. രണ്ടാം പാതിയിൽ യുവതാരങ്ങളായ കോൾ പാമർ, ടെന്റ് അലക്സാണ്ടർ അർനോൾഡ്, കോബി മെയ്നൂ എന്നിവരെ ഇറക്കി ഗോൾ നേടാൻ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും ‌സ്‌ലൊവേനിയൻ പ്രതിരോധനിരയും ഗോളി ഒബ്ലാക്കും തടസ്സം നിന്നു. 

ജയം മാത്രം മനസിലുറപ്പിച്ചെത്തിയ സെർബിയ ഡെൻമാർക്കിനെതിരെ അധ്വാനിച്ചു കളിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഡെൻമാർക്ക് നിരയിൽ മിഡ്ഫീൽഡർമാരായ ക്രിസ്റ്റ്യൻ എറിക്സണും മോർടൻ യുലെമനും നന്നായി കളിച്ചെങ്കിലും ഗോൾ വന്നില്ല. 

ഡെൻമാർക്ക് ഡിഫൻഡർ ജൊയാകിം ആൻഡേഴ്സന്റെ പിഴവിൽ നിന്നു സെർബിയ ഒരു തവണ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു.

English Summary:

England vs Slovenia football match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com