ADVERTISEMENT

ന്യൂജഴ്സി (യുഎസ്എ) ∙ ലൗറ്റാരോ മാർട്ടിനെസിന്റെ ഗോളിൽ ചിലെയെ 1–0ന് തോൽപിച്ച്, നിലവിലെ ചാംപ്യന്മാരായ അർജന്റീന കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. 88–ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ കോർണർ കിക്ക് ചിലെ ഗോളി ക്ലോഡിയോ ബ്രാവോ തടുത്തതിനെത്തുടർന്നു റീബൗണ്ട് ചെയ്ത പന്താണ് ലൗറ്റാരോ ലക്ഷ്യത്തിലെത്തിച്ചത്. 2026 ലോകകപ്പ് ഫൈനൽ വേദിയായ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ 81,000ൽ അധികം കാണികൾക്കു മുന്നിൽ വിഡിയോ (വിഎആർ) പരിശോധനയ്ക്കു ശേഷമാണ് റഫറി ഗോൾ അനുവദിച്ചത്.

ഗ്രൂപ്പ് എ മത്സരത്തിൽ, പെറുവിനെ 1–0ന് തോൽപിച്ച കാനഡയും ക്വാർട്ടർ ഫൈനലിലെത്തി. അർജന്റീനയ്ക്ക് 6 പോയിന്റും കാനഡയ്ക്ക് 3 പോയിന്റുമുണ്ട്. പെറു, ചിലെ എന്നിവയ്ക്ക് ഓരോ പോയിന്റ് വീതവും. ഗ്രൂപ്പിലെ അവസാന മത്സരങ്ങളിൽ ശനിയാഴ്ച അർജന്റീന പെറുവിനെയും ചിലെ കാനഡയെയും നേരിടും. 24–ാം മിനിറ്റിൽ ചിലെ താരം ഗബ്രിയേൽ സുവാസോയുടെ ചവിട്ടേറ്റു തുടയിൽ പരുക്കുപറ്റിയ മെസ്സി പെറുവിനെതിരായ മത്സരത്തിൽ കളിക്കില്ലെന്നാണു സൂചന. പരുക്ക് ഗുരുതരമല്ല.

1978ലെ അർജന്റീനയുടെ ആദ്യ ലോകകപ്പ് വിജയത്തിന്റെ 46–ാം വാർഷിക ദിനത്തിൽ പഴയൊരു കോപ്പ ഫൈനലിലെ നോവിക്കുന്ന ഓർമകൾക്കു മധുരപ്രതികാരം ചെയ്താണ് മെസ്സിയും സംഘവും ചിലെയെ കീഴടക്കി മടങ്ങിയത്. 2016ലെ കോപ്പ ഫൈനലിൽ ചിലെ പെനൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയെ തോൽപിച്ചിരുന്നു. പിന്നാലെ ലയണൽ മെസ്സി രാജ്യാന്തര കരിയറിൽനിന്നു വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു. 7 ആഴ്ചകൾക്കു ശേഷം മെസ്സി തീരുമാനം പിൻവലിച്ചതും ചരിത്രം.

37–ാം ജന്മദിനത്തിന്റെ പിറ്റേന്നു മത്സരത്തിനിറങ്ങിയ മെസ്സി തുടക്കം മുതൽ ചിലെ പകുതിയിലേക്ക് ഇരച്ചുകയറിയെങ്കിലും ഗോൾ അകന്നുനിന്നതിനു പിന്നിൽ ചിലെയുടെ വെറ്ററൻ ഗോൾകീപ്പർ നാൽപത്തിയൊന്നുകാരൻ ക്ലോഡിയോ ബ്രാവോയുടെ കിടിലൻ സേവുകളും കാരണമായി. കോപ്പ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ താരമായ ബ്രാവോയുടെ 150–ാം രാജ്യാന്തര മത്സരമായിരുന്നു ഇത്. 

36–ാം മിനിറ്റിൽ ലൗറ്റാരോ മാർട്ടിനെസിനൊപ്പം മെസ്സി നടത്തിയ മുന്നേറ്റം ദൗർഭാഗ്യം കൊണ്ടു മാത്രമാണ് പുറത്തേക്കു പോയത്. 62–ാം മിനിറ്റിൽ മെസ്സിയുടെ പാസിൽനിന്ന് നിക്കോളാസ് ഗോൺസാലാസ് തൊടുത്ത ഷോട്ട് ബ്രാവോ തട്ടികയറ്റി. മത്സരത്തിൽ തുടക്കം മുതൽ പ്രതിരോധിച്ചു കളിച്ച ചിലെ ആകെ തൊടുത്തത് 3 ഷോട്ടുകളാണ്. അതേസമയം, അർജന്റീന തൊടുത്തതാകട്ടെ 22 ഷോട്ടുകളും! 72–ാം മിനിറ്റിൽ റോഡ്രിഗോ എച്ചേവെരയുടെ ഷോട്ടാണ് അർജന്റീന ഗോൾമുഖത്തേക്കുള്ള ചിലെയുടെ ആദ്യനീക്കം. ഇതും തൊട്ടുപിന്നാലെ വന്ന എച്ചേവെരയുടെ ഷോട്ടും അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റി. ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞ മത്സരത്തിൽ, ഗാലറിയുടെ 90% സ്ഥലത്തും ലയണൽ മെസ്സിയുടെ 10–ാം നമ്പർ ജഴ്സി ധരിച്ച ആരാധകരായിരുന്നു.

English Summary:

Copa america 2024 update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com