ഇംഗ്ലണ്ടിന് ഗോളടിയിൽ ആശങ്ക!
Mail This Article
കൊളോൺ ∙ ജർമൻ ബുന്ദസ്‌ലിഗയിലെ ടോപ് സ്കോററായ സ്ട്രൈക്കർ ഹാരി കെയ്ൻ, ഈ സീസണിലെ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ങാം (സ്പാനിഷ് ലാലിഗ), ഫിൽ ഫോഡൻ (ഇംഗ്ലിഷ് പ്രിമിയർ ലീഗ്). ഇവർക്കൊപ്പം പേരുകേട്ട ലോകോത്തര ഡിഫൻഡർമാരും വിങ്ങർമാരും. കടലാസിലുള്ള ഈ ‘ടീം ശക്തി’ യൂറോയിലെ ഗ്രൂപ്പ് മത്സരങ്ങളിൽ പുറത്തെടുക്കാൻ ഇംഗ്ലണ്ട് കോച്ച് ഗാരത് സൗത്ത്ഗേറ്റിനും ടീമിനും കഴിഞ്ഞിട്ടില്ല.
ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ സ്‌ലൊവേനിയയോടു ഗോൾരഹിത സമനില (0–0) വഴങ്ങിയതോടെ യൂറോയിലെ ഇംഗ്ലണ്ടിന്റെ പ്രകടനത്തിൽ ആരാധകരും നിരാശരാണ്. ആദ്യ മത്സരത്തിൽ സെർബിയയ്ക്കെതിരെ നേടിയ ഒരു ഗോളിന്റെ വിജയവും 2 സമനിലയുമായി (5 പോയിന്റ്) ഗ്രൂപ്പ് ചാംപ്യന്മാരായി ഇംഗ്ലണ്ട് പ്രീ ക്വാർട്ടറിലെത്തിയെങ്കിലും സൗത്ത്ഗേറ്റിന്റെ കളത്തിലെ പരീക്ഷണങ്ങളും തന്ത്രങ്ങളും ഫലപ്രദമല്ലെന്നാണു വിലയിരുത്തൽ.
കഴിഞ്ഞ ദിവസം, യുവതാരങ്ങളായ കോൾ പാമർ, കോബി മെയ്നൂ, ആന്റണി ജോർഡൻ എന്നിവർക്ക് അവസരം നൽകിയെങ്കിലും ഇംഗ്ലണ്ടിനു ഗോൾ നേടാനായില്ല. 2018 ലോകകപ്പിൽ സെമി വരെയും കഴിഞ്ഞ യൂറോയിൽ ഫൈനൽ വരെയും ഇംഗ്ലണ്ടിനെ സമാന രീതിയിൽ സൗത്ത്ഗേറ്റ് എത്തിച്ചെങ്കിലും കിരീടം നേടാത്തതു ചൂണ്ടിക്കാട്ടിയാണ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്. രാജ്യാന്തര കിരീടം നേടാനുള്ള അവസാന അവസരമായിരിക്കും ഈ യൂറോ എന്നതിനാൽ സൗത്ത്ഗേറ്റിനു പ്രീ ക്വാർട്ടർ നിർണായകമാണ്.