ലാസ്റ്റ് മൂവിൽ ചെക്ക് മടങ്ങി; തുർക്കി പ്രീക്വാർട്ടറിൽ
Mail This Article
ഹാംബുർഗ് ∙ 16 മഞ്ഞക്കാർഡുകളും 2 ചുവപ്പു കാർഡുകളും കണ്ട വാശിയേറിയ യൂറോ മത്സരത്തിൽ അവസാന നിമിഷം ചെക്ക് റിപ്പബ്ലിക്കിനെ തോൽപിച്ച് തുർക്കി. ആദ്യ പകുതിയുടെ തുടക്കത്തിൽ റെഡ് കാർഡ് നേടി 10 പേരായി കുറഞ്ഞിട്ടും തളരാതെ വാശിയോടെ കളിച്ച ചെക്ക് റിപ്പബ്ലിക്കിനെ രണ്ടാം പകുതിയിൽ ഇൻജറി സമയത്തെ ഗോളിലൂടെയാണു തുർക്കി തോൽപിച്ചത്. മൂന്നു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. സ്കോർ: തുർക്കി–2, ചെക്ക് റിപ്പബ്ലിക്–1.
ഇതോടെ യൂറോ എഫ് ഗ്രൂപ്പിൽ പോർച്ചുഗലിനു പിന്നിൽ രണ്ടാം സ്ഥാനക്കാരായി (6 പോയിന്റ്) തുർക്കി പ്രീ ക്വാർട്ടറിലെത്തി. പോർച്ചുഗലിനെതിരെ നേടിയ 2–0നു വിജയത്തിൽ ആദ്യമായി യൂറോയ്ക്കെത്തിയ ജോർജിയയും (4 പോയിന്റ്) മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. പോർച്ചുഗൽ ഗോൾ വ്യത്യാസത്തിൽ ഗ്രൂപ്പ് ചാംപ്യന്മാരായി നോക്കൗട്ടിലെത്തിയിരുന്നു. രണ്ടാം തോൽവി വഴങ്ങിയതോടെ ചെക്ക് റിപ്പബ്ലിക് പുറത്തായി.
തുർക്കിക്കായി ക്യാപ്റ്റൻ ഹക്കാൻ ടൾഹാനൊഗ്ലു (51–ാം മിനിറ്റ്), സെക് ടോസു (90+4) എന്നിവർ ഗോൾ നേടി. ചെക്ക് റിപ്പബ്ലിക്കിനായി ക്യാപ്റ്റൻ തോമസ് സോചെക്ക് (66) സ്കോർ ചെയ്തു. മത്സരത്തിൽ 90+8 മിനിറ്റിൽ ചെക്കിന്റെ തന്നെ തോമസ് ഛോറിയും നേരിട്ടു റെഡ് കാർഡ് കണ്ടു പുറത്തായി.