വെനസ്വേല ക്വാർട്ടറിൽ
Mail This Article
ഇംഗിൾവുഡ് (കലിഫോർണിയ) ∙ സാലമോൻ റോൺഡോണിന്റെ ലക്ഷ്യം തെറ്റാത്ത പെനൽറ്റിയിൽ വെനസ്വേല കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് ബി മത്സരത്തിൽ മെക്സിക്കോയെ 1–0ന് തോൽപിച്ചാണ് വെനസ്വേല അവസാന എട്ടിലെത്തിയത്. ഇതോടെ, ഇക്വഡോറിനോടു 3–1നു തോറ്റ ജമൈക്ക ടൂർണമെന്റിനു പുറത്തായി. അടുത്ത മത്സരത്തിൽ ജമൈക്കയെ നേരിടുന്ന വെനസ്വേലയ്ക്കു ഗ്രൂപ്പ് ചാംപ്യന്മാരായാൽ അർജന്റീനയുമായുള്ള ക്വാർട്ടർ പോരാട്ടം ഒഴിവാക്കാം.
57–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റിയാണ് മെക്സിക്കൻ ഗോളി ജൂലിയോ ഗോൺസാലസിനെ മറികടന്ന് മെക്സിക്കൻ ക്ലബ് പച്ചൂക്കയ്ക്കായി കളിക്കുന്ന വെനസ്വേല സ്ട്രൈക്കർ സാലമോൻ റോൺഡോൺ ലക്ഷ്യത്തിലെത്തിച്ചത്. മുപ്പത്തിനാലുകാരനായ സാലമോന്റെ രാജ്യാന്തര കരിയറിലെ 42–ാം ഗോളാണിത്. കളി തീരാൻ നേരത്തു സ്കോർ സമനിലയാക്കാൻ പാകത്തിനു മെക്സിക്കോയ്ക്കും ഒരു പെനൽറ്റി ലഭിച്ചെങ്കിലും അതു ഗോളായില്ല. മെക്സിക്കോ താരം ജോർജി സാഞ്ചസിന്റെ ഷോട്ട് വെനസ്വേലയുടെ മിഗുവേൽ നവാരോയുടെ കയ്യിൽത്തട്ടിയതു വിഡിയോ പരിശോധനയ്ക്കൊടുവിൽ റഫറി പെനൽറ്റി വിധിച്ചു. എന്നാൽ, 87–ാം മിനിറ്റിൽ ഓർബലിൻ പിനേഡയെടുത്ത സ്പോട്ട് കിക്ക് വെനസ്വേല ഗോൾകീപ്പർ റാഫേൽ റോമോ തടുത്തു.
ലാസ് വേഗസിൽ, ജമൈക്കയെ 3–1നു തോൽപിച്ച ഇക്വഡോർ 2016നു ശേഷം ആദ്യമായാണ് ഒരു കോപ്പ അമേരിക്ക മത്സരം ജയിക്കുന്നത്. പതിനേഴുകാരൻ കെന്ദ്രി പെസ്, അലൻ മിൻഡ എന്നിവരുടെ ഗോളുകൾക്കൊപ്പം ജമൈക്കൻ താരം കേസി പാമറുടെ 13–ാം മിനിറ്റിലെ സെൽഫ് ഗോളും ഇക്വഡോറിന്റെ അക്കൗണ്ടിലെത്തി. 2016ൽ ഹെയ്തിക്കെതിരെ നേടിയ 4–0 വിജയമായിരുന്നു ഇക്വഡോറിന്റെ ഇതിനു മുൻപത്തെ കോപ്പ വിജയം.