പെറുവിനെയും വീഴ്ത്തി അർജന്റീന (2-0); ഗ്രൂപ്പ് ചാംപ്യൻമാരായി ക്വാർട്ടർ ഫൈനലിൽ
Mail This Article
ഫ്ലോറിഡ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ പെറുവിനെ തോൽപ്പിച്ച് നിലവിലെ ചാംപ്യന്മാരായ അർജന്റീന. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റിീനയുടെ വിജയം. 47, 86 മിനിറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസാണ് ഇരു ഗോളും നേടിയത്. മൂന്നു മത്സരങ്ങളും വിജയച്ച അർജന്റീന, ഗ്രൂപ്പ് എയിൽ ചാംപ്യന്മാരായാണ് മുന്നേറ്റം. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച് അർജന്റീന, നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതാണ്. ഗ്രൂപ്പ് ബിയില്‍ തിങ്കളാഴ്ച നടക്കുന്ന മെക്‌സിക്കോ ഇക്വഡോര്‍ മത്സരത്തിലെ വിജയികളെ ജൂലൈ 4ന് അര്‍ജന്റീന നേരിടും.
പരുക്കേറ്റ ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റീന ഇന്നു കളത്തിലിറങ്ങിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. ലൗറ്റാരോ മാര്‍ട്ടിനസ് മൂന്നു മത്സരങ്ങളിലും അര്‍ജീന്റീനയ്ക്കായി ഗോള്‍ നേടി. തോൽവിയോടെ പെറു ടൂര്‍ണ്ണമെന്റില്‍നിന്ന് പുറത്തായി. ഇന്നു നടന്ന കാനഡ – ചിലെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.