രാജകീയം അർജന്റീന
Mail This Article
ഫ്ലോറിഡ (യുഎസ്) ∙ മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെയും കോച്ച് ലയണൽ സ്കലോണിയുടെയും അഭാവം അർജന്റീനയെ ബാധിച്ചതേയില്ല. കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പെറുവിനെ 2–0നു തോൽപിച്ച് നിലവിലെ ജേതാക്കൾ ക്വാർട്ടർ ഫൈനലിലെത്തി. 9 പോയിന്റോടെ എ ഗ്രൂപ്പ് ചാംപ്യന്മാരായാണ് അർജന്റീനയുടെ മുന്നേറ്റം. ദേശീയ ടീമിലേക്കുള്ള തന്റെ മടങ്ങിവരവ് ആഘോഷമാക്കുന്ന ഇന്റർ മിലാൻ താരം ലൗറ്റാരോ മാർട്ടിനസാണ് അർജന്റീനയുടെ 2 ഗോളുകളും (47, 86 മിനിറ്റുകൾ) നേടിയത്. ഇതോടെ ഈ കോപ്പയിൽ ലൗറ്റാരോയ്ക്ക് 4 ഗോളുകളായി. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളും ജയിച്ച അർജന്റീന ഒരു ഗോൾ പോലും വഴങ്ങാതെയാണ് ക്വാർട്ടറിലെത്തിയത്. കോപ്പ ഉദ്ഘാടന മത്സരത്തിൽ കാനഡയ്ക്കെതിരെ രണ്ടാം പകുതിയിൽ ടീം മൈതാനത്തിറങ്ങാൻ വൈകിയതിനെ തുടർന്നാണു അർജന്റീന കോച്ച് സ്കലോണി സസ്പെൻഷനിലായത്. നേരിയ പരുക്കിനെ തുടർന്നു ലയണൽ മെസ്സിയും ഇന്നലെ കളിച്ചില്ല.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കാനഡയോടു ഗോൾരഹിത സമനില വഴങ്ങിയ ചിലെ കോപ്പയിൽ നിന്നു പുറത്തായി. ഒരു ഗോൾ പോലും സ്കോർ ചെയ്യാതെയാണു മുൻ ചാംപ്യന്മാരായ ചിലെയുടെ മടക്കം. വെറ്ററൻ താരങ്ങളായ അലക്സിസ് സാഞ്ചസ്, എഡ്വേർഡോ വാർഗാസ് എന്നിവരടങ്ങുന്ന ടീമിനു ഒരു ഘട്ടത്തിൽ പോലും തിളങ്ങാനായില്ല. 3 കളികളിൽ നിന്നായി 2 പോയിന്റു മാത്രമാണ് ചിലെയ്ക്കുള്ളത്. അതേസമയം കാനഡ 4 പോയിന്റുമായി എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലെത്തി. ഒരു പോയിന്റു മാത്രമുള്ള പെറു നേരത്തെ പുറത്തായിരുന്നു. ഗ്രൂപ്പ് ബിയിൽ ഇന്നു പുലർച്ചെ 5.30ന് നടക്കുന്ന മെക്സിക്കോ–ഇക്വഡോർ മത്സരത്തിലെ വിജയികളെ ജൂലൈ 4ന് അർജന്റീന ക്വാർട്ടറിൽ നേരിടും.