ഡെൻമാർക്കിനെ 2–0നു തോൽപിച്ചു; ജർമനി യൂറോ ക്വാർട്ടറിൽ
Mail This Article
ഡോർട്മുണ്ട് (ജർമനി) ∙ ആതിഥേയരുടെ ആർത്തലച്ചു പെയ്ത മുന്നേറ്റങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിയാതെ യൂറോയിൽ നിന്ന് ഒലിച്ചുപോയി ഡെൻമാർക്ക്! യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഡെൻമാർക്കിനെ നാട്ടിലേക്കയച്ച് ആതിഥേയരായ ജർമനി ക്വാർട്ടർ ഫൈനലിലെത്തി. സ്കോർ: ജർമനി–2, ഡെൻമാർക്ക്–0. കായ് ഹാവേട്സ് (പെനൽറ്റി–53), ജമാൽ മുസിയാള (68) എന്നിവരാണ് ജർമനിയുടെ ഗോളുകൾ നേടിയത്.
ബൊറൂസിയ ഡോർട്മുണ്ട് ക്ലബ്ബിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരം, ശക്തമായ മഴയ്ക്കൊപ്പം മിന്നലും ഉണ്ടായതിനെ തുടർന്നു 20 മിനിറ്റോളം നിർത്തിവച്ചിരുന്നു. മഴയ്ക്കു ശേഷം പുനരാരംഭിച്ച മത്സരം രണ്ടാം പകുതിയോടെ ആവേശച്ചുഴിയിലായി. 50–ാം മിനിറ്റിൽ ജൊയാകിം ആൻഡേഴ്സനിലൂടെ ഡെൻമാർക്ക് പന്ത് വലയിലെത്തിച്ചെങ്കിലും നേരിയ ഓഫ്സൈഡിൽ വിഡിയോ അസിസ്റ്റന്റ് റഫറി ഗോൾ നിഷേധിച്ചു.
മൂന്നു മിനിറ്റിനുള്ളിൽ ഡെൻമാർക്കിന്റെ ഹാൻഡ് ബോളിൽ ജർമനിക്ക് പെനൽറ്റി. ആർസനലിന്റെ യുവതാരം കായ് ഹാവെർട്സ് അനായാസം പെനൽറ്റി ഗോളാക്കി. പരിചയസമ്പന്നനായ ഡെൻമാർക്കിന്റെ ഗോളി കാസ്പർ സ്മൈക്കേൽ ഡൈവ് ചെയ്തെങ്കിലും കിക്ക് തടയാനായില്ല. തുടർന്നു 68–ാം മിനിറ്റിൽ ജമാൽ മുസിയാള സുന്ദരമായ സ്ട്രൈക്കിലൂടെ ജർമനിയുടെ രണ്ടാം ഗോൾ നേടി. യൂറോയിൽ മുസിയാളയുടെ മൂന്നാം ഗോളാണിത്.
സമനില നേടാൻ ഡെൻമാർക്ക് തീവ്രമായി ശ്രമിച്ചെങ്കിലും ജർമൻ പ്രതിരോധ മതിലിൽ വിള്ളൽ വീഴാതെ കാത്തത് ഡിഫൻഡർ അന്റോണിയോ റൂഡിഗറാണ്. ടാക്കിളും ക്ലിയറൻസുകളും ഉൾപ്പെടെ ജർമൻ രക്ഷകനായി നിറഞ്ഞു കളിച്ച റൂഡിഗറാണു കളിയിലെ താരവും.