ADVERTISEMENT

ഗ്ലെൻഡെയ്ൽ (അരിസോണ)∙ ഇക്വഡോറിനോടു ഗോൾരഹിത സമനില വഴങ്ങേണ്ടി വന്ന മെക്സിക്കോ കോപ്പ അമേരിക്ക ഫുട്ബോളിൽനിന്നു പുറത്തായി. ഇൻജറി ടൈമി‍ൽ മെക്സിക്കോയ്ക്കു ലഭിച്ച പെനൽറ്റി സ്പോട്ട് കിക്ക് വിഎആർ പരിശോധനയിൽ നിഷേധിക്കപ്പെട്ടതോടു കൂടിയാണ് ഇക്വഡോർ ഗോൾരഹിത സമനില പിടിച്ചത്. ഇതോടെ അവർ ക്വാർട്ടർ ഫൈനലിൽ കടക്കുകയും ചെയ്തു. ഹൂസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ അർജന്റീനയാണ് ഇക്വഡോറിന്റെ എതിരാളികൾ. കിക്കോഫ് വെള്ളിയാഴ്ച ഇന്ത്യൻ സമയം രാവിലെ 6.30ന്.

പെനൽറ്റി ഏരിയയിൽ മെക്സിക്കൻ ഫോർവേഡ് ഗില്ലർമോ മാർട്ടിനെസിനെ ഇക്വഡോറിന്റെ ഫെലിക്സ് ടോറസ് ഫൗൾ ചെയ്തതിനു റഫറി മാരിയോ ആൽബർട്ടോ എസ്കോബാർ പെനൽറ്റി അനുവദിച്ചതാണ്. എന്നാൽ, വിഡിയോ പരിശോധനയിൽ ടോറസ് കാലു കൊണ്ട് പന്ത് ടച്ച് ചെയ്തിരുന്നു എന്നു കണ്ടെത്തിയതോടെ പെനൽറ്റി റദ്ദാക്കപ്പെട്ടു. തുടർന്നു മെക്സിക്കോയ്ക്കു കോർണർ കിക്ക് ആണ് അനുവദിക്കപ്പെട്ടത്. കാണികളായ മെക്സിക്കൻ ആരാധകരുടെ പ്രതിഷേധങ്ങൾക്കും ഇതോടെ സ്റ്റേഡിയം വേദിയായി.

ഗ്രൂപ്പ് ബിയി‍ൽനിന്ന് ഒന്നാം സ്ഥാനക്കാരായി വെനസ്വേലയും ക്വാർട്ടറിലെത്തി. ജമൈക്കയെ 3–0ന് തോൽപിച്ചാണ് വെനസ്വേല ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായത്. മെക്സിക്കോയും ഇക്വഡോറും നാലു പോയിന്റ് വീതമാണു നേടിയതെങ്കിലും ഗോൾവ്യത്യാസത്തിൽ ഇക്വഡോർ രണ്ടാം സ്ഥാനക്കാരായി. കഴിഞ്ഞ 5 കോപ്പ ചാംപ്യൻഷിപ്പുകൾക്കിടെ നാലാം തവണയാണ് മെക്സിക്കോ ഗ്രൂപ്പ് റൗണ്ട് കടക്കാതിരിക്കുന്നത്. ടെക്സസിൽ നടന്ന മത്സരത്തിൽ, എഡ്വേഡ് ബെല്ലോ, സാലോമൻ റോൻഡൻ, എറിക് റാമിറെസ് എന്നിവരുടെ ഗോളുകളിലാണ് വെനസ്വേല ജമൈക്കയെ തോൽപിച്ചത്. ക്വാർട്ടറിൽ കാനഡയാണ് വെനസ്വേലയുടെ എതിരാളികൾ. ജമൈക്ക നേരത്തേ പുറത്തായിരുന്നു.

English Summary:

Argentina will face Ecuador in the Copa Ameria quarter final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com