ബൊളീവിയയെ തകര്‍ത്തുവിട്ട് പാനമ കോപ്പ അമേരിക്ക ക്വാർട്ടറിൽ, ഒന്നാം സ്ഥാനക്കാരായി യുറഗ്വായ്
Mail This Article
കൻസസ് സിറ്റി∙ ബൊളീവിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തകർത്ത് പാനമ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായാണ് പാനമ ക്വാർട്ടർ ഉറപ്പിച്ചത്. കോപ്പയിൽ പാനമയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്. സി ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തിൽ യുഎസ് യുറഗ്വായോടു തോറ്റു പുറത്തായിരുന്നു. മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച പാനമയ്ക്ക് നിലവിൽ ആറു പോയിന്റുകളുണ്ട്. ബൊളീവിയയ്ക്കെതിരെ മത്സരത്തിന്റെ 22–ാം മിനിറ്റിൽ ജോസെ ഫജാർഡോയിലൂടെ പാനമ ആദ്യം ലീഡെടുത്തു.
എന്നാൽ രണ്ടാം പകുതിയിൽ ബ്രൂണോ മിറാൻഡയുടെ രണ്ടാം പകുതിയിലെ ഗോളിൽ ബൊളീവിയ സമനില പിടിച്ചു. 79–ാം മിനിറ്റിൽ എഡ്വാർഡോ ഗറേറോയുടെ വകയായിരുന്നു പാനമയുടെ സമനില ഗോൾ. മത്സരത്തിന്റെ അധിക സമയത്ത് സെസാർ യാനിസും ലക്ഷ്യം കണ്ടതോടെ പാനമ വിജയമുറപ്പിച്ചു. ഇതു രണ്ടാം തവണയാണ് പാനമ കോപ്പ അമേരിക്ക കളിക്കാനെത്തുന്നത്.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ യുറഗ്വായ് ഒൻപതു പോയിന്റുമായി ക്വാർട്ടറിലെത്തി. യുഎസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറഗ്വായ് തോൽപിച്ചത്. 66–ാം മിനിറ്റിൽ മതിയാസ് ഒലിവേരയാണു യുറഗ്വായുടെ ഗോൾ നേടിയത്. പന്തടക്കത്തിലും പാസുകളിലും യുറഗ്വായ്ക്കൊപ്പം യുഎസും പൊരുതിയെങ്കിലും ഗോള്‍ നേടാൻ സാധിച്ചില്ല.