കൊളംബിയയ്ക്കെതിരെ സമനില, ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ബ്രസീല്‍; ക്വാർട്ടറിൽ എതിരാളി യുറഗ്വായ്
Mail This Article
സാന്റ ക്ലാര (കലിഫോർണിയ) ∙ കൊളംബിയയുമായി 1–1 സമനില വഴങ്ങേണ്ടി വന്ന ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ യുറഗ്വായെ നേരിടും. ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായ കൊളംബിയ ക്വാർട്ടറിൽ പാനമയെയും നേരിടും.
12–ാം മിനിറ്റിൽ റാഫിഞ്ഞ നേടിയ ഫ്രീകിക്ക് ഗോളിലൂടെ ബ്രസീൽ നേടിയ ലീഡ് ആദ്യപകുതിയുടെ ഇൻജറി ടൈമിൽ ഡാനിയേൽ മുനോസ് നേടിയ ഗോളിലൂടെ കൊളംബിയ സമനിലയാക്കുകയായിരുന്നു. ഈ സമനിലയോടെ തോൽവിയറിയാതെയുള്ള കൊളംബിയയുടെ കുതിപ്പ് 26 മത്സരങ്ങളിലേക്ക് നീണ്ടു. നേരത്തേ, ഡേവിൻസൺ സാഞ്ചസ് നേടിയ ഗോൾ ഏറെനേരം നീണ്ട വിഎആർ പരിശോധനയ്ക്കു ശേഷം റഫറി ഓഫ് സൈഡ് വിളിച്ചതു ബ്രസീലിനു ഭാഗ്യമായി.
കൊളംബിയൻ താരം ഹാമിഷ് റോഡ്രിഗസിനെ ഫൗൾ ചെയ്തതിനു മഞ്ഞക്കാർഡ് കിട്ടിയ ബ്രസീൽ സ്ട്രൈക്കർ വിനീസ്യൂസിന് യുറഗ്വായ്ക്കെതിരായ മത്സരത്തിൽ കളിക്കാൻ കഴിയില്ല. കഴിഞ്ഞ മത്സരത്തിലും വിനീസ്യൂസിനു മഞ്ഞക്കാർഡ് ലഭിച്ചിരുന്നതിനാലാണ് സസ്പെൻഷൻ. ഇതു ബ്രസീലിനു വൻ തിരിച്ചടിയാണ്. മികച്ച ഫോമിൽ കളിക്കുന്ന യുറഗ്വായ് യുവനിരയോടു പൊരുതിക്കളിച്ചെങ്കിലേ ഇനി ബ്രസീലിനു രക്ഷയുള്ളൂ.
പാരഗ്വായെ 2–1നു തോൽപിച്ചെങ്കിലും കോസ്റ്ററിക്ക ക്വാർട്ടറിലെത്താതെ പുറത്തായി. ഗ്രൂപ്പ് ഡിയിൽ 4 പോയിന്റോടെ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ കോസ്റ്ററിക്കയ്ക്കു സാധിച്ചുള്ളൂ. പാരഗ്വായ് നേരത്തേ തന്നെ പുറത്തായിരുന്നു.