ADVERTISEMENT

ഹാംബുർഗ് ∙ ഇതു തന്റെ അവസാന യൂറോപ്യൻ ചാംപ്യൻഷിപ്പായിരിക്കുമെന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം സ്‌ലൊവേനിയയ്ക്കെതിരായ പ്രീ ക്വാർട്ടർ ജയത്തിനു പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോയുടെ വെളിപ്പെടുത്തൽ.

‘നിസ്സംശയം പറയാം, ഇതെന്റെ അവസാന യൂറോയാണ്. പക്ഷേ, അതിൽ എനിക്കു സങ്കടമില്ല. ഫുട്ബോളിനോടുള്ള ആവേശവും എന്റെ കുടുംബത്തോടും എന്നെ സ്നേഹിക്കുന്നവരോടുമുള്ള കടപ്പാടും സ്നേഹവുമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്.  ഫുട്ബോൾ ലോകത്ത് ഞാൻ എന്നും ഉണ്ടാകും’ ക്രിസ്റ്റ്യാനോ പറഞ്ഞു.

മുപ്പത്തിയൊൻപതുകാരനായ ക്രിസ്റ്റ്യാനോ പോർച്ചുഗലിനായി ആറാം തവണയാണ് യൂറോ കപ്പ് കളിക്കുന്നത്. യൂറോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ (14) നേടിയ താരം കൂടിയാണ്.

സ്ലൊവേനിയയ്ക്കെതിരായ മത്സരത്തിന്റെ എക്‌സ്ട്രാ ടൈമില്‍ ലഭിച്ച പെനല്‍റ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പാഴാക്കിയിരുന്നു. 102ാം മിനിറ്റില്‍ ഡിയോഗോ ജോട്ടയെ ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി സ്ലൊവേനിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തുകയായിരുന്നു. പെനൽറ്റി നഷ്ടമായതിനു പിന്നാലെ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ റൊണാൾഡോയുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

സ്ലൊവേനിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്നാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ കടന്നത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ സ്ലൊവേനിയയുടെ ആദ്യ മൂന്നു കിക്കുകളും തടുത്തിട്ട പോര്‍ച്ചുഗല്‍ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയാണ് വിജയശില്‍പി. പോര്‍ച്ചുഗല്‍ 3 കിക്കുകളും ലക്ഷ്യത്തിലെത്തിച്ചു.

120 മിനിറ്റ് കളിച്ചിട്ടും പോര്‍ച്ചുഗലിനെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്ന സ്ലൊവേനിയ പലപ്പോഴും വിജയത്തിനടുത്തെത്തിയതാണ്. എക്‌സ്ട്രാ ടൈമില്‍ മത്സരത്തിലെ ഏറ്റവും മികച്ച അവസരം ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ സ്ലൊവേനിയയ്ക്കു ലക്ഷ്യത്തിലെത്തിക്കാനായില്ല.

English Summary:

Cristiano Ronaldo confirms Euro 2024 will be his last European Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com