ADVERTISEMENT

ഫ്രാങ്ക്‌ഫുർ‌ട്ട് ∙ ഡിയോഗോ കോസ്റ്റ എന്ന ഗോൾകീപ്പറെക്കുറിച്ച് ഫുട്ബോൾ ലോകത്തിന് ആദ്യം ‘മുന്നറിയിപ്പു’ നൽകിയത് സ്പെയിനിന്റെയും റയൽ മഡ്രിഡിന്റെയും ഇതിഹാസഗോൾകീപ്പർ ഐകർ കസീയസാണ്. പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോയിൽ തന്റെ പിൻഗാമിയായ വന്ന പതിനെട്ടുകാരനെക്കുറിച്ച് കസീയസ് 2018ൽ തന്നെ പറഞ്ഞു– ‘ഡിയോഗോ ഒരു ലോകോത്തര ഗോൾകീപ്പറാണ്’. അതിനു ശേഷം പോർച്ചുഗീസ് ലീഗിലും യുവേഫ ചാംപ്യൻസ് ലീഗിലുമെല്ലാം കോസ്റ്റ മികച്ച പ്രകടനങ്ങൾ നടത്തിയെങ്കിലും കസീയസിന്റെ വാക്കുകൾ ഫുട്ബോൾ ആരാധകർ ഒന്നാകെ ഏറ്റുപറഞ്ഞത് തിങ്കളാഴ്ച രാത്രിയാണ്.

യൂറോ കപ്പ് പ്രീക്വാർട്ടറിൽ സ്‍ലൊവേനിയയ്ക്കെതിരെ പെനൽറ്റി ഷൂട്ടൗട്ടിലെ മൂന്നു കിക്കുകളും സേവ് ചെയ്ത് കോസ്റ്റ പോർച്ചുഗലിനെ ക്വാർ‌‌ട്ടറിലേക്കു കൈപിട‌ിച്ചു കയറ്റിയപ്പോൾ. രണ്ടു റെക്കോർഡുകളാണ് അവിസ്മരണീയ പ്രകടനത്തിലൂടെ ഇരുപത്തിനാലുകാരൻ കോസ്റ്റ പേരിലാക്കിയത്. ഒരു യൂറോ പെനൽറ്റി ഷൂട്ടൗട്ടിൽ തുടരെ 3 കിക്കുകൾ സേവ് ചെയ്ത ആദ്യ ഗോൾകീപ്പർ, ഒരു ഗോൾ പോലും വഴങ്ങാത്ത ഗോൾകീപ്പർ എന്നിവയാണത്. നിശ്ചിത സമയത്തും അധികസമയത്തും ഗോൾരഹിത സമനിലയായ മത്സരത്തിന്റെ ഷൂട്ടൗട്ടിൽ 3–0നാണ് പോർച്ചുഗലിന്റെ ജയം. വെള്ളിയാഴ്ച ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഫ്രാൻസാണ് പോർച്ചുഗലിന്റെ എതിരാളികൾ. 

ഒബ്ലാക്ക് Vs കോസ്റ്റ ‌

നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ വഴങ്ങാതെ മത്സരം ഷൂട്ടൗട്ടിലേക്കു നീട്ടിയെടുത്തത് കോസ്റ്റയും സ്‍‌ലൊവേനിയൻ ഗോൾകീപ്പറായ യാൻ ഒബ്ലാക്കും തന്നെ. കളിയിൽ ഒബ്ലാക്കിന്റെ ഏറ്റവും മിന്നുന്ന നിമിഷം എക്സ്ട്രാ ടൈമിലായിരുന്നു. 

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനൽറ്റി കിക്ക് കൃത്യമായി വലതുവശത്തേക്കു ത‌ട്ടിയകറ്റി ഒബ്ലാക്ക് സേവ് ചെയ്തു. 114–ാം മിനിറ്റിൽ സ്‍ലൊവേനിയയ്ക്കു കിട്ടിയ സുവർണാവസരം തടഞ്ഞ് കോസ്റ്റയും കളി നീ‌ട്ടി. പെനൽറ്റി ഏരിയയിലേക്ക് കുതിച്ചെത്തിയ സ്‌ലൊവേനിയൻ താരം സെസ്കോയുടെ മുന്നിലുണ്ടായിരുന്നത് കോസ്റ്റ മാത്രം. എന്നാൽ ശരീരം വിരിച്ചു നിന്ന കോസ്റ്റ കാലു കൊണ്ട് പന്ത് സേവ് ചെയ്തു. 

പെനൽറ്റി സ്പെഷലിസ്റ്റുകൾ 

കളിയിൽ ക്രിസ്റ്റ്യാനോയുട‌െ പെനൽറ്റി കിക്ക് സേവ് ചെയ്തതിനാൽ ഷൂട്ടൗട്ടിൽ മാനസിക ആധിപത്യം സ്പാനിഷ് ക്ലബ് അത്‍ലറ്റിക്കോ മഡ്രിഡിന്റെ കാവൽക്കാരൻ കൂ‌ടിയായ ഒബ്ലാക്കിനെന്ന് എല്ലാവരും കരുതി. 3 മാസം മുൻപ് ചാംപ്യൻസ് ലീഗ് പ്രീക്വാർ‌ട്ടറിൽ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനെതിരെ ഷൂട്ടൗട്ടിൽ 2 കിക്കുകൾ ഒബ്ലാക്ക് സേവ് ചെയ്തിരുന്നു. അതുൾപ്പെടെ ചാംപ്യൻസ് ലീഗിലെ മൂന്നു മത്സരങ്ങളിൽ അത്‍ലറ്റിക്കോയെ പെനൽറ്റി ഷൂട്ടൗട്ട് വിജയത്തിലെത്തിച്ചതിന്റെ ചരിത്രവും ഒബ്ലാക്കിനു കൂട്ടുണ്ടായിരുന്നു. എന്നാൽ കോസ്റ്റയുടെ കണക്കും ഒപ്പം നിൽക്കുന്നതായിരുന്നു.

രണ്ടു വർഷം മുൻപ് ചാംപ്യൻസ് ലീഗിൽ തുടരെ മൂന്നു മത്സരങ്ങളിലാണ് കോസ്റ്റ നിശ്ചിത സമയത്ത് പെനൽറ്റി കിക്കുകൾ സേവ് ചെയ്തത്. കരിയറിൽ ആകെ നേരിട്ട 39 പെനൽറ്റി കിക്കുകളിൽ പത്തും സേവ് ചെയ്തു എന്ന മികച്ച ചരിത്രവും കോസ്റ്റയ്ക്കുണ്ട്. ഫ്രാങ്ക്ഫുർട്ട് അരീനയിൽ സ്‍ലൊവേനിയൻ താരങ്ങളായ ജോസിപ് ഇലിചിച്ച്, ജൂർ ബാൽകോവെറ്റ്സ്, ബെഞ്ചമിൻ വെർബിച്ച് എന്നിവരുടെ കിക്കുകൾ സേവ് ചെയ്ത് കോസ്റ്റ ആ ശതമാനം വർധിപ്പിച്ചപ്പോൾ ഒബ്ലാക്കിന് പോർച്ചുഗലിനു വേണ്ടി ഒരിക്കൽ കൂട‌ി കിക്കെടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇത്തവണ നിരാശനാക്കാനായില്ല. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ എന്നിവരുടെ കിക്കുകളും ഗോളിലെത്തിയതോടെ പോർച്ചുഗലിനു ജയം. 

English Summary:

Goalkeeper Diego Costa saved Portugal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com