കൊച്ചി പൈപ്പേഴ്സ് പേരുമാറ്റി; സഹ ഉടമകളിലും മാറ്റം
Mail This Article
കൊച്ചി ∙ ചലച്ചിത്ര താരം പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും സഹഉടമകളായി എത്തിയതോടെ സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സ് എഫ്സിയുടെ പേരിലും മറ്റും മാറ്റം. പേരിൽ നിന്നു ‘പൈപ്പേഴ്സ്’ ഒഴിവാക്കാനാണു തീരുമാനം. തൽക്കാലം കൊച്ചി എഫ്സി എന്ന പേരിൽ അറിയപ്പെടുമെങ്കിലും വൈകാതെ പുതിയ പേരു പ്രഖ്യാപിക്കും.
സൂപ്പർ ലീഗ് പ്രഖ്യാപന വേളയിൽ ടീമിന്റെ ഉടമസ്ഥത വഹിച്ചിരുന്ന മുൻ രാജ്യാന്തര ടെന്നിസ് താരവും എസ്ജി സ്പോർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്സ് സിഇഒയുമായ മഹേഷ് ഭൂപതിയും ചലച്ചിത്ര താരം ലാറ ദത്തയും ഒഴിവായി. പൃഥ്വിരാജിനും ഭാര്യ സുപ്രിയ മേനോനും പുറമേ, നസ്‌ലി മുഹമ്മദ്, പ്രവീഷ് കുഴിപ്പള്ളി, ഷമീം ബക്കർ, മുഹമ്മദ് ഷൈജൽ എന്നിവരാണു മറ്റു സഹ ഉടമകൾ.
പൃഥിയുടെ ലീഗിലെ പങ്കാളിത്തം യുവാക്കൾക്ക് ആവേശം പകരുമെന്ന് എസ്എൽകെ സിഇഒ: മാത്യു ജോസഫ് പറഞ്ഞു. ലീഗിൽ കൂടുതൽ വനിതാ കായിക പ്രേമികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിക്കുമെന്നു സുപ്രിയ മേനോൻ പറഞ്ഞു. പൃഥ്വിയുടെ സാന്നിധ്യം ലോകമെമ്പാടുമുള്ള മലയാളികളെ ലീഗിന്റെ ഭാഗമാകാൻ പ്രചോദിപ്പിക്കുമെന്ന് എസ്എൽകെ എംഡി: ഫിറോസ് മീരാൻ പറഞ്ഞു. വ്യവസായ മേഖലകളിൽ നിന്നുള്ള സാമ്പത്തിക പങ്കാളിത്തം അടുത്ത തലത്തിലേക്കു വളരാൻ കായിക രംഗത്തെ സഹായിക്കുമെന്നു കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.