ഓറഞ്ച് മധുരം, പ്രീക്വാർട്ടറിൽ ഫോമിലേക്കുയർന്ന് നെതർലൻഡ്സ്
Mail This Article
മ്യൂണിക്ക് ∙ ഗ്രൂപ്പ് ഘട്ടത്തിലെ മങ്ങിയ പ്രകടനത്തിനു ശേഷം യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഫോമിലേക്കുയർന്ന് നെതർലൻഡ്സ്. അലിയാൻസ് അരീന സ്റ്റേഡിയത്തിൽ സുന്ദരമായ ആക്രമണ ഫുട്ബോൾ കാഴ്ച വച്ച ഡച്ച് ടീം 3–0നു റുമാനിയയെ തോൽപിച്ചു. ബൊറൂസിയ ഡോർട്മുണ്ട് താരം ഡോനിയൽ മാലനാണ് 2 ഗോൾ നേടിയത്. കോഡി ഗാക്പോ ആദ്യ ഗോൾ നേടി. ലിവർപൂൾ താരം ഗാക്പോയുടെ ഫിനിഷിങ് മികവാണ് യൂറോയിൽ ഓറഞ്ച് പടയുടെ കുതിപ്പിനു പിന്നിലെ കാരണങ്ങളിലൊന്ന്.
3 ഗോളുകളുമായി ചാംപ്യൻഷിപ്പിലെ ടോപ് സ്കോറർമാരിലൊരാളാണ് ഇരുപത്തിയഞ്ചുകാരൻ ഗാക്പോ ഇപ്പോൾ. യൂറോ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരിലൊന്നായാണ് നെതർലൻഡ്സ് നോക്കൗട്ടിൽ കടന്നത്. ഓസ്ട‌്രിയയോടു അപ്രതീക്ഷിത തോൽവി വഴങ്ങിയ ടീം ഫ്രാൻസിനോടു സമനിലയുമായി രക്ഷപ്പെട്ടു. പോളണ്ടിനെതിരെ മാത്രമാണ് ജയിച്ചത്. എന്നാൽ പ്രീക്വാർട്ടറിലെ മിന്നുന്ന പ്രകടനം തുർക്കിക്കെതിരായ ക്വാർട്ടർ ഫൈനലിനു മുൻപ് കോച്ച് റൊണാൾഡ് കൂമാനു നൽകുന്ന സന്തോഷം ചെറുതല്ല.