തുർക്കി വരുന്നുണ്ട്!
Mail This Article
ലൈപ്സീഗ് ∙ 2002 ലോകകപ്പിന്റെ ഓർമകളുണർത്തി യൂറോ കപ്പിലും തുർക്കിയുടെ കുതിപ്പ്. ത്രില്ലർ പോരിൽ ഓസ്ട‌്രിയയെ 2–1നു തോൽപിച്ച് ടീം ക്വാർട്ടറിലെത്തിയതോടെ ജർമനിയിലെ 30 ലക്ഷത്തോളം വരുന്ന തുർക്കി വംശജർ ഇപ്പോൾ സ്വപ്നം കാണുന്നത് 2002 ലോകകപ്പിൽ ടീം മൂന്നാം സ്ഥാനം നേടിയതിനു സമാനമായൊരു നേട്ടം. ശനിയാഴ്ച രാത്രി 12.30ന് അവസാന ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സാണ് തുർക്കിയുടെ എതിരാളികൾ.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ പരിശീലകൻ റാൽഫ് റാങ്നിക് പരിശീലിപ്പിക്കുന്ന ഓസ്ട്രിയ കളിക്കണക്കുകളിൽ തുർക്കിയെക്കാൾ മുന്നിലായിരുന്നെങ്കിലും ലൈപ്സീഗിലെ റെഡ് ബുൾ അരീനയിൽ കാളക്കൂറ്റൻമാരെപ്പോലെ കളിച്ച തുർക്കിയെ വീഴ്ത്താനായില്ല. മത്സരത്തിൽ 21 ഷോട്ടുകൾ പായിച്ച ഓസ്ട‌്രിയ 10 കോർണറുകളും നേടിയെടുത്തു. തുർക്കിക്ക് 6 ഷോട്ടുകളും 4 കോർണറുകളും മാത്രം. എന്നാൽ ഈ യൂറോയിലെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളായ പത്തൊൻപതുകാരൻ അർദ ഗുലർ എടുത്ത 2 കോർണറുകൾ ഗോളിനു വഴിയൊരുക്കി.
ഡിഫൻഡർ മെറിഹ് ഡെമിറലാണ് രണ്ടു ഗോളും നേടിയത്. കോർണർ ക്ലിയർ ചെയ്യാൻ ഓസ്ട്രിയൻ താരങ്ങൾ പരാജയപ്പെട്ടതു മുതലെടുത്താണ് കളിയുടെ ഒന്നാം മിനിറ്റിൽ തന്നെ ഡെമിറൽ ലക്ഷ്യം കണ്ടത്. 59–ാം മിനിറ്റിൽ കോർണറിൽ നിന്നുള്ള ഹെഡറിലൂടെ രണ്ടാം ഗോളും നേടി. ഓസ്ട്രിയയുടെ ആശ്വാസഗോളും കോർണർ വഴി തന്നെ. 66–ാം മിനിറ്റിൽ ലക്ഷ്യം കണ്ടത് മൈക്കേൽ ഗ്രിഗോറിഷ്. എന്നാൽ പൊരുതിക്കളിച്ചെങ്കിലും സമനില ഗോൾ നേടാൻ ഓസ്ട‌്രിയയ്ക്കായില്ല. കളിയുടെ അവസാന സെക്കൻഡിൽ ഓസ്ട്രിയൻ മിഡ്ഫീൽഡർ ബോംഗാർറ്റ്‌നറുടെ 10 വാര അകലെ നിന്നുള്ള ഹെഡർ തകർപ്പൻ സേവിലൂടെ കുത്തിയകറ്റി ഗോൾകീപ്പർ മെർട്ട് ഗുനോക്ക് തുർക്കിയെ കാത്തു.