യൂറോ കപ്പ് ഫുട്ബോൾ ഒന്നാം സെമിഫൈനൽ സ്പെയിൻ X ഫ്രാൻസ്
Mail This Article
സ്റ്റുട്ഗർട്ട് (ജർമനി) ∙ സ്പാനിഷ് യുവനിരയുടെ ആവേശത്തിരത്തള്ളലിൽ ജർമൻ ഫുട്ബോൾ ടീമിന്റെ നവോത്ഥാന സ്വപ്നങ്ങൾ പൊലിഞ്ഞു. യൂറോ കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ജർമനിയെ 2–1ന് തോൽപിച്ച് സ്പെയിൻ സെമിയിൽ കടന്നു. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിലാണു സ്പെയിനിന്റെ വിജയം. 90 മിനിറ്റു കളിയിൽ സ്കോർ 1–1 സമനിലയായിരുന്നു. ഡാനി ഒൽമോ, മൈക്കൽ മെറിനോ എന്നിവരാണു സ്പെയിനിന്റെ ഗോളുകൾ നേടിയത്. ഫ്ലോറിയൻ വെറ്റ്സിന്റേതാണു ജർമനിയുടെ ഗോൾ.
എതിരാളികൾക്ക് അനുസരിച്ച് കളിയുടെ ശൈലി മാറ്റുന്ന ജർമനി ഇത്തവണ പരുക്കൻ കളിയുമായാണ് കളം നിറഞ്ഞത്. സ്പാനിഷ് യുവതാരങ്ങളുടെ മുന്നേറ്റത്തിന്റെ മുനയൊടിക്കാൻ ആദ്യ മിനിറ്റുകളിൽ കടുത്ത ടാക്ലിങ്ങുകളും അരങ്ങേറി. 8–ാം മിനിറ്റിൽ സ്പെയിനിന്റെ യുവതാരം പെദ്രി പരുക്കേറ്റു പുറത്തായി. ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസിന്റെ ടാക്ലിങ്ങിലാണ് പെദ്രിക്കു പരുക്കേറ്റത്. പകരമിറങ്ങിയ ഡാനി ഒൽമോ സ്പെയിനിന്റെ ആദ്യഗോൾ നേടുകയും ചെയ്തു.
ആദ്യപകുതിയിൽ സ്പാനിഷ് മുന്നേറ്റങ്ങളെ ഫലപ്രദമായി ചെറുത്തുനിന്ന ജർമനിയുടെ പ്രതിരോധത്തിൽ പഴുതു കണ്ടെത്തിയാണ് 51–ാം മിനിറ്റിൽ ഒൽമോ ഗോൾ നേടിയത്. ലമീൻ യമാൽ നൽകിയ പാസിൽ നിന്നുള്ള ഒൽമോയുടെ ഷോട്ട് ജർമൻ ഗോളി മാനുവൽ നോയറിന്റെ കയ്യകലത്തുകൂടി ഗോളിലേക്കു പോയി.
എന്നാൽ, കളി തീരാൻ ഒരു മിനിറ്റുള്ളപ്പോൾ ജർമനിയുടെ ഫ്ലോറിയൻ വെറ്റ്സ് കളിയുടെ തിരക്കഥ തിരുത്തിക്കുറിച്ചു. വിജയം പ്രതീക്ഷിച്ച് അൽപമൊന്ന് അയഞ്ഞ സ്പാനിഷ് പ്രതിരോധത്തെ അമ്പരപ്പിച്ച് 89–ാം മിനിറ്റിൽ ജർമനിയുടെ മറുപടി ഗോൾ (1–1).
എക്സ്ട്രാ ടൈമിലേക്കു നീണ്ട കളിയിൽ സ്പെയിനും ജർമനിയും കയറിയുമിറങ്ങിയും ആക്രമണം നെയ്തു. 119–ാം മിനിറ്റിൽ ഡാനി ഒൽമോ ഉയർത്തി നൽകിയ പന്ത് ബോക്സിനുള്ളിൽ രണ്ടു ജർമൻ താരങ്ങളുടെ നടുവിൽ ഉയർന്നു പൊങ്ങിയ മൈക്കൽ മെറിനോ ഗോളിലേക്കു ഹെഡ് ചെയ്തിട്ടു (2–1). എക്സ്ട്രാ ടൈമിന്റെ ഇൻജറി ടൈമിൽ രണ്ടാമത്തെ മഞ്ഞക്കാർഡും കണ്ട സ്പാനിഷ് താരം ഡാനി കാർവഹാളിനു മാർച്ചിങ് ഓർഡർ ലഭിച്ചു. മത്സരത്തിലാകെ 14 മഞ്ഞക്കാർഡുകളാണു റഫറി ആന്റണി ടെയ്‌ലർക്കു പുറത്തെടുക്കേണ്ടി വന്നത്. 8 ജർമൻ താരങ്ങളും 6 സ്പാനിഷ് താരങ്ങളും മഞ്ഞക്കാർഡു കണ്ടു.