ആ കാത്തിരിപ്പ് അവസാനിച്ചു; ‘വാർ’ ചെയ്ത് മെസ്സിയുടെ ഗോൾ; ഒപ്പം റെക്കോർഡും ‘കോപ്പ’യിലാക്കി
Mail This Article
ഈസ്റ്റ് റുഥർഫോഡ് (യുഎസ്) ∙ ഒടുവിൽ ആ കാത്തിരിപ്പ് അവസാനിച്ചു. കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് തുടങ്ങിയതു മുതൽ ആരാധകർ കാത്തിരിക്കുന്നത് ഈ ഗോളിനായിട്ടാണ്. ലയണൽ മെസ്സിയുടെ തകർപ്പൻ ഗോൾ എതിരാളിയുടെ ഗോൾവല കുലുക്കുന്നതു കാണുന്നതിന്. സെമിഫൈനൽ വരെ കാത്തിരിക്കേണ്ടി വന്നു അതിന്. കാനഡയ്‌ക്കെതിരായ സെമിപോരാട്ടത്തിന്റെ രണ്ടാം പകുതിയിലാണ് മിശിഹാ വീണ്ടും അവതരിച്ചത്. മെസ്സിയുടെയും യൂലിയൻ അൽവാരസിന്റെയും ഗോളുകളുടെ മികവിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീനയുടെ ഫൈനൽ പ്രവേശം.
ഭാഗ്യത്തിന്റെ അംശം കൂടി ചേർന്നതായിരുന്നു കാനഡയ്ക്കെതിരെ മെസ്സിയുടെ ഗോൾ. അർജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസ് പിന്നിലേക്കു നല്‍കിയ പാസ് കനേഡിയന്‍ താരത്തിന്റെ കാലിലെത്തി. ബോക്‌സിന് പുറത്തുകടത്താന്‍ ശ്രമിച്ച് അടിച്ച പന്ത് പക്ഷേ, അര്‍ജന്റീനാ താരത്തിന്റെ കാലിലെത്തി. ബോക്‌സ് ലക്ഷ്യമാക്കി പായിച്ച പന്ത്, മെസ്സിയുടെ കാലില്‍ നേരിയ തോതില്‍ തട്ടി വലയിലേക്ക്. ഓഫ് സൈഡ് എന്നു വാദിച്ച് കനേഡിയന്‍ താരങ്ങള്‍ പ്രതിഷേധമുയര്‍ത്തിയതോടെ വാര്‍ ചെക്കിങ് നടത്തി. പരിശോധനയ്‌ക്കൊടുവില്‍ ഗോള്‍ സാധുവായി.
ഇന്നത്തെ ഗോളോടെ കോപ്പ അമേരിക്ക ടൂർണമെന്റിലാകെ മെസ്സിയുടെ ഗോൾ നേട്ടം ഇതുവരെ 14 ആയി. അർജന്റീനയ്ക്കായി 109-ാമത്തെ ഗോളും. ഇതോടെ രാജ്യാന്തര ഗോൾ വേട്ടക്കാരിൽ മെസ്സി രണ്ടാം സ്ഥാനത്തായി.130 രാജ്യാന്തര ഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമാണ് മെസ്സിക്കു മുന്നിലുള്ളത്.
കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് കാനഡയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ തന്നെ മെസ്സി സ്വന്തമാക്കിയിരുന്നു. ചിലെ ഗോൾകീപ്പറായിരുന്ന സെർജിയോ ലിവിങ്ങ്സ്റ്റണിന്റെ റെക്കോർഡാണ് (34 മത്സരം) മെസ്സി മറികടന്നത്. ഇന്നത്തെ സെമിഫൈനൽ ഉൾപ്പെടെ 38 കോപ്പ മത്സരങ്ങളാണ് മെസ്സി പൂർത്തിയാക്കിയത്. 2007ൽ ഇരുപതാം വയസ്സിൽ കോപ്പ അമേരിക്കയിൽ അരങ്ങേറിയ മെസ്സിയുടെ ഏഴാം കോപ്പ ടൂർണമെന്റാണിത്.
അർജന്റീനയുടെ സ്വാതന്ത്ര്യദിനത്തിലെ വിജയം അവരുടെ അപരാജിത കുതിപ്പിലെ മത്സരങ്ങളുടെ എണ്ണവും രണ്ടക്കം കടത്തി. പത്തു മത്സരങ്ങളാണ് തോൽവിയറിയാതെ അർജന്റീന പൂർത്തിയാക്കിയത്. ഫ്ലോറിഡയിലെ മിയാമി ഗാർഡൻസിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ നടക്കുന്ന ഫൈനലിൽ ജയിച്ചാൽ 16-ാം കോപ്പ കിരീടമാണ് അർജന്റീനയെ കാത്തിരിക്കുന്നത്. 2010 ലോകകപ്പിനൊപ്പം 2008, 2012 യൂറോപ്യൻ ചാംപ്യൻഷിപ്പുകളും നേടിയ സ്പെയിന്റെ നേട്ടത്തിനു സമാനമാകും അർജന്റീനയുടേതും. 2021ൽ ചിരവൈരികളായ ബ്രസീലിനെ തോൽപ്പിച്ചാണ് അർജന്റീന കോപ്പ നേടിയത്. 2022 ലോകകപ്പിൽ ഫ്രാൻസിനെയും മെസ്സിപ്പട വീഴ്ത്തി.