ന്യുനസ് Vs റോഡ്രിഗസ്; കോപ്പ അമേരിക്ക രണ്ടാം സെമിയിൽ യുറഗ്വായ് - കൊളംബിയ
Mail This Article
ഷാലറ്റ് (യുഎസ്എ) ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ഏറ്റവും ആരാധകപിന്തുണയുള്ള ടീമുകൾ അർജന്റീനയും ബ്രസീലുമായിരിക്കാം; പക്ഷേ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ടീമുകൾ നാളെ രണ്ടാം സെമിഫൈനലിൽ ഏറ്റുമുട്ടുന്ന ഈ ടീമുകളാണ്– യുറഗ്വായും കൊളംബിയയും. ഈ കോപ്പയിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ യുറഗ്വായുടെ ഇരുപത്തിയഞ്ചുകാരൻ ഡാർവിൻ ന്യുനസിന്റെയും കൊളംബിയയുടെ മുപ്പത്തിരണ്ടുകാരൻ ഹാമിഷ് റോഡ്രിഗസിന്റെയും കണ്ടുമുട്ടൽ കൂടിയാണ് മത്സരം. ഷാലറ്റിലെ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് കിക്കോഫ്.
ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീമുകളാണ് കൊളംബിയയും യുറഗ്വായും. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളിൽ തന്നെ യുറഗ്വായ് 9 ഗോളുകൾ നേടിയപ്പോൾ കൊളംബിയ നേടിയത് 6 ഗോളുകൾ. എന്നാൽ നോക്കൗട്ടിലെ ഒറ്റ മത്സരത്തിൽ തന്നെ അവർ ഗോളടിയിൽ മുന്നിലെത്തി. പാനമയെ തകർത്തത് 5–0ന്. യുറഗ്വായ്ക്ക് ക്വാർട്ടറിൽ ഗോളടി തുടരാനായില്ലെങ്കിലും കരുത്തരായ ബ്രസീലിനെ 90 മിനിറ്റ് പിടിച്ചുകെട്ടിയ അവർ ഷൂട്ടൗട്ടിൽ വിജയം നേടുകയും ചെയ്തു.
ഇതുവരെ 2 ഗോൾ മാത്രമേ നേടിയിട്ടുള്ളുവെങ്കിലും എതിർ ടീം പെനൽറ്റി ബോക്സിൽ നിരന്തരം ഭീതി സൃഷ്ടിക്കുന്ന ലിവർപൂൾ താരം ന്യുനസാണ് മുന്നേറ്റനിരയിൽ യുറഗ്വായ് കോച്ച് മാഴ്സലോ ബിയെൽസയുടെ തുറുപ്പുചീട്ട്. പരുക്കേറ്റ റൊണാൾഡ് അരോയോയും വിലക്കിലായ നഹിതൻ നാൻഡസും സെമിയിൽ കളിക്കില്ല എന്നതാണ് യുറഗ്വായ് ക്യാംപിൽ നിന്നുള്ള വാർത്ത.
തുടരെ 27 മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുന്ന കൊളംബിയൻ ടീമിന്റെ എൻജിൻ ബ്രസീലിയൻ ലീഗിൽ സാവോപോളോ ക്ലബ്ബിനു കളിക്കുന്ന അറ്റാക്കിങ് മിഡ്ഫീൽഡർ ഹാമിഷ് റോഡ്രിഗസ് തന്നെ. ഒരു ഗോൾ നേടിയ റോഡ്രിഗസിന്റെ പേരിൽ 5 അസിസ്റ്റുകളുമുണ്ട‌്.