മെസ്സി ടച്ചിൽ അർജന്റീന; രാജ്യാന്തര ഗോൾ നേട്ടത്തിൽ രണ്ടാം സ്ഥാനത്ത്
Mail This Article
ന്യൂജഴ്സി (യുഎസ്എ) ∙ ഖത്തർ ലോകകപ്പ് വിജയത്തിനു തുടർച്ചയായി മറ്റൊരു വലിയ കിരീടത്തിനു തൊട്ടരികിൽ അർജന്റീന. കോപ്പ അമേരിക്ക ഫുട്ബോൾ സെമിഫൈനലിൽ കാനഡയെ 2–0ന് തോൽപിച്ച അർജന്റീന തുടർച്ചയായി 2–ാം കോപ്പ കിരീടം നേടാനുള്ള ഒരുക്കത്തിലാണ്. യുറഗ്വായ്–കൊളംബിയ രണ്ടാം സെമി വിജയികളെ, തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5.30ന് അർജന്റീന ഫൈനലിൽ നേരിടും.
ഈ കോപ്പയിൽ ആദ്യമായി ലയണൽ മെസ്സി ഗോൾ നേടിയ മത്സരത്തിൽ യുവതാരം യൂലിയൻ അൽവാരസാണ് അർജന്റീനയുടെ മറ്റൊരു സ്കോറർ. രാജ്യാന്തര കരിയറിൽ മെസ്സിയുടെ 109–ാം ഗോളാണിത്. പുരുഷ ഫുട്ബോളിൽ ഗോൾ സ്കോറർമാരിൽ ഒന്നാം സ്ഥാനത്തുള്ള പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു (130 ഗോൾ) പിന്നിൽ രണ്ടാം സ്ഥാനത്തെത്താനും മെസ്സിക്കായി. 108 ഗോളുകളുമായി ഇറാൻ താരം അലി ദേയിക്ക് ഒപ്പമായിരുന്നു മെസ്സി ഇതുവരെ.
22–ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിന്റെ പാസിൽനിന്നാണ് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി താരമായ യൂലിയൻ അൽവാരസ് ഗോൾ കുറിച്ചത്. കാനഡ ഗോൾകീപ്പർ മാക്സിം ക്രീപ്പുവിനെ വിദഗ്ധമായി കബളിപ്പിച്ച ഷോട്ടായിരുന്നു അത്. അർജന്റീനയ്ക്കായി അൽവാരസിന്റെ 9–ാം ഗോളും. 51–ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ ഗോൾ ഷോട്ട് മറ്റൊരു ദിശയിലേക്കു തട്ടിവിട്ടാണു മെസ്സി അർജന്റീനയുടെ രണ്ടാം ഗോൾ നേടിയത്.
‘എൻസോയുടെ ഷോട്ട് ഗോളിലേക്കായിരുന്നോ എന്നെനിക്കു വ്യക്തമായിരുന്നില്ല. എന്റെ നേർക്കു വന്ന പന്ത് സ്വാഭാവികമായി ഞാൻ ഗോളിലേക്കു തിരിച്ചുവിട്ടു. അതൊരു റിഫ്ലക്സ് ആക്‌ഷനായിരുന്നു’– മത്സരശേഷം മെസ്സി പറഞ്ഞു.
മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ കൃത്രിമ ടർഫിൽ തളംകെട്ടിനിന്ന വെള്ളവും പന്ത് ഡ്രിബ്ൾ ചെയ്യുമ്പോൾ ഉയർന്നു തെറിച്ച മണൽത്തരികളും സ്വാഭാവികമായ കളിയെ ബാധിച്ചു. 80,102 പേരാണു മത്സരം കാണാനെത്തിയത്.
ഈ കോപ്പ അമേരിക്ക കിരീടം നേടിയാൽ അർജന്റീനയ്ക്കു തുടർച്ചയായി 3 മേജർ ചാംപ്യൻഷിപ്പുകളിൽ ജേതാവായ സ്പെയിനിന്റെ റെക്കോർഡിന് ഒപ്പമെത്താം. 2008, 2012 യൂറോ കപ്പുകൾ, 2010 ലോകകപ്പ് എന്നിവയാണവ. അർജന്റീന 2021 കോപ്പ അമേരിക്ക, 2022 ലോകകപ്പ് എന്നിവയ്ക്കു പിന്നാലെ 2024 കോപ്പ കിരീടം കൂടി നേടിയാൽ ഈ റെക്കോർഡിന് ഒപ്പമെത്തും.