ഇംഗ്ലിഷ് ടച്ച് !
Mail This Article
ഡോർട്മുണ്ട് ∙ കപ്പ് വീട്ടിലേക്കു കൊണ്ടു പോകാൻ ഇംഗ്ലണ്ടിന് ഇനി ഒരു കടമ്പ കൂടി മാത്രം! പകരക്കാരനായി ഇറങ്ങിയ
ഒലീ വാറ്റ്കിൻസ് 90–ാം മിനിറ്റിൽ നേടിയ ഗോളിൽ നെതർലൻഡ്സിനെ 2–1നു തോൽപിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് സ്പെയിനെ നേരിടും.
7–ാം മിനിറ്റിൽ സാവി സിമൺസിന്റെ ഗോളിൽ നെതർലൻഡ്സാണ് ആദ്യം മുന്നിലെത്തിയതെങ്കിലും 18–ാം മിനിറ്റിൽ ഹാരി കെയ്ന്റെ പെനൽറ്റി ഗോളിൽ ഇംഗ്ലണ്ട് ഒപ്പമെത്തിയിരുന്നു. തുടരെ രണ്ടാം യൂറോ കപ്പിലാണ് ഇംഗ്ലണ്ട് യൂറോ ഫൈനലിലെത്തുന്നത്. 2021ൽ സ്വന്തം നാട്ടിൽ നടന്ന ടൂർണമെന്റിന്റെ ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയോടു പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടിരുന്നു.
ബൊറൂസിയ ഡോർട്മുണ്ട് ക്ലബ്ബിന്റെ വെസ്റ്റ്ഫാളൻ സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ചാണ് നെതർലൻഡ്സ് തുടങ്ങിയത്. 7–ാം മിനിറ്റിൽ ഇംഗ്ലണ്ട് മിഡ്ഫീൽഡർ ഡെക്ലാൻ റൈസിൽ നിന്നു പന്തു റാഞ്ചിയെടുത്ത സാവി സിമൺസ് പെനൽറ്റി ഏരിയയ്ക്കു തൊട്ടു പുറത്തു നിന്ന് തകർപ്പൻ ഷോട്ടിലൂടെ അതു വലയിലെത്തിച്ചു (1–0).
ഗോൾ വഴങ്ങിയെങ്കിലും ഇംഗ്ലണ്ട് തളർന്നില്ല. പെനൽറ്റി ബോക്സിലേക്ക് നിരന്തരം റെയ്ഡ് നടത്തിയ അവർ ഡച്ച് പ്രതിരോധത്തെ വിറപ്പിച്ചു. 18–ാം മിനിറ്റിൽ ബുകായോ സാക നൽകിയ പന്തിൽ ഗോൾമുഖത്തുനിന്ന് ഹാഫ് വോളിക്കു ശ്രമിച്ച ഹാരി കെയ്നെ ബ്ലോക്ക് ചെയ്യുന്നതിൽ ഡെൻസൽ ഡംഫ്രീസിനു പിഴച്ചു. പന്തു പോയതിനു ശേഷമുള്ള ഫൗളിൽ കെയ്ൻ നിലത്തു വീണു. വിഎആർ പരിശോധനയ്ക്കു ശേഷം റഫറി ഫെലിക്സ് സ്വയർ ഇംഗ്ലണ്ടിന് പെനൽറ്റി കിക്ക് വിധിച്ചു. കെയ്ന്റെ നിലംപറ്റെയുള്ള ഷോട്ട് തടയാൻ ഡച്ച് ഗോൾകീപ്പർ വെർബ്രൂഗനായില്ല (1–1).
സമനില നേടിയതോടെ ആവേശത്തിലായ ഇംഗ്ലണ്ട് ആക്രമണം കടുപ്പിച്ചു. 23–ാം മിനിറ്റിൽ ഫിൽ ഫോഡൻ വെർബ്രൂഗന്റെ കാലുകൾക്കിടയിലൂടെ പന്ത് കടത്തിവിട്ടെങ്കിലും ഗോൾ ലൈൻ കടക്കും മുൻപേ ഡംഫ്രീസ് ക്ലിയർ ചെയ്തു. തൊട്ടു പിന്നാലെ നെതർലൻഡ്സിന്റെ പ്രത്യാക്രമണത്തിൽ ഡംഫ്രീസിന്റെ ഹെഡർ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. 31–ാം മിനിറ്റിൽ ഫോഡന്റെ ഷോട്ട് പോസ്റ്റിലിടിച്ചത് ഇംഗ്ലണ്ടിനും നിരാശയായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇരുടീമിന്റെയും നീക്കങ്ങൾ മധ്യനിരയിൽ ഒതുങ്ങിയതോടെ ഗോളവസരങ്ങളും കുറഞ്ഞു.
65–ാം മിനിറ്റിൽ വീർമാൻ ബോക്സിലേക്കു നീട്ടി നൽകിയ ഫ്രീകിക്കിൽ വിർജിൽ വാൻ ദെയ്ക് കാൽ വച്ചെങ്കിലും ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോഡ‍് സേവ് ചെയ്തു. ലോങ് പാസുകളും ഏരിയൽ ബോളുകളുമായി നെതർലൻഡ്സ് തന്ത്രം മാറ്റവേ, ഒരു പ്രത്യാക്രമണത്തിൽ ബുകായോ സാക ഡച്ച് വലയിൽ പന്ത് എത്തിച്ചെങ്കിലും പാസ് നൽകിയ കൈൽ വോക്കർ ഓഫ്സൈഡ് ആയിരുന്നു.
ആ സങ്കടം അധികം വൈകാതെ ഇംഗ്ലണ്ട് തീർത്തു. 90–ാം മിനിറ്റിൽ പകരക്കാരൻ കോൾ പാമർ നൽകിയ പാസിൽ ഒന്നു വെട്ടിത്തിരിഞ്ഞ് ആസ്റ്റൺ വില്ല താരം ഒലീ വാറ്റ്കിൻസ് തൊടുത്ത വലംകാൽ ഷോട്ടിൽ ഡച്ച് വല കുലുങ്ങി (2–1).