കൊളംബിയൻ ആരാധകരെ ജഴ്സി ഊരി അടിച്ച് യുറഗ്വായ് താരം; ഗാലറിയിൽ വൻ സംഘർഷം– വിഡിയോ
Mail This Article
ഷാലറ്റ് (യുഎസ്എ) ∙ കോപ്പ അമേരിക്ക സെമിഫൈനലിൽ യുറഗ്വായ്– കൊളംബിയ പോരാട്ടത്തിനു പിന്നാലെ സംഘർഷം. യുറാഗ്വയ് താരങ്ങൾ ഗാലറിയിലേക്ക് കയറി കൊളംബിയൻ ആരാധകരെ മർദിച്ചു. യുറഗ്വായ് സ്ട്രൈക്കർ ഡാർവിൻ ന്യൂനസിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം താരങ്ങൾ കൊളംബിയൻ ആരാധകരുമായി കലഹിക്കുന്ന വിഡിയോ പുറത്തുവന്നു. ജഴ്സി ഊരിയ ശേഷം ന്യൂനസ് ആളുകളെ മർദിക്കുന്നതും ചിലർ തടയാനും തിരിച്ചടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
മത്സരം കാണാനെത്തിയ താരങ്ങളുടെ കുടുംബാംഗങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയെ തുടർന്നാണ് ഗാലറിയിലേക്ക് കയറിയതെന്ന് യുറാഗ്വയ് പ്രതിരോധ താരം ജോസ് മരിയ ഗിമെനെസ് പറഞ്ഞു. സെമിഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് യുറഗ്വായ് തോറ്റത്. മത്സരം നടന്ന ഷാലറ്റിലെ ബാങ്ക് ഓഫ് അമേരിക്ക ഗാലറിയിൽ കൊളംബിയൻ ആരാധകരാണ് കൂടുതലുണ്ടായിരുന്നത്. മത്സരംശേഷം കൊളംബിയൻ ആരാധകർ യുറുഗ്വായ് താരങ്ങൾക്ക് നേരെ കുപ്പി വലിച്ചെറിഞ്ഞതായി പറയപ്പെടുന്നു. ഇതോടെ ഗാലറിയിലേക്ക് എത്തിയ ന്യൂനസ്, കൊളംബിയൻ ആരാധകനെ ഇടിച്ചൊതുക്കുകയായിരുന്നു.
കുട്ടികളടക്കമുള്ള തങ്ങളുടെ കുടുംബം അപകടാവസ്ഥയിലായിരുന്നുവെന്നും അവരെ സംരക്ഷിക്കാനാണ് ഗാലറിയിലേക്ക് ചെന്നത് എന്നുമാണ് യുറാഗ്വായുടെ വാദം. സ്ഥലത്ത് ഒരു പൊലീസുദ്യോഗസ്ഥൻ പോലും ഉണ്ടായിരുന്നില്ലെന്നും ഇത്തരം സംഘർഷങ്ങൾ സ്ഥിരമാണെന്നും പ്രതിരോധ താരം ജോസ് മരിയ ഗിമെനെസ് പറഞ്ഞു. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയയുടെ ജയം. 39–ാം മിനിറ്റിൽ മിഡ്ഫീൽഡർ ജെഫേഴ്സൺ ലെർമയാണ് കൊളംബിയയ്ക്കായി വിജയഗോൾ നേടിയത്. ഫൈനലിൽ അർജന്റീനയാണ് കൊളംബിയയുടെ എതിരാളികൾ.