ADVERTISEMENT

ഷാലറ്റ് (യുഎസ്എ) ∙ സമയവും തിരമാലകളും മാത്രമല്ല, ഗോളവസരങ്ങളും ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ല. ഗോളെന്നുറപ്പിച്ച 3 സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ യുറഗ്വായ് പുറത്ത്. ലഭിച്ച ഏറ്റവും മികച്ച ഗോളവസരം ഭംഗിയായി വിനിയോഗിച്ച കൊളംബിയ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ. സ്കോർ: കൊളംബിയ –1, യുറഗ്വായ് –0. 

നോർത്ത് കാരലൈനയിലെ ഷാലറ്റ് ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയം നിറഞ്ഞ 70,000ൽ അധികം കാണികൾക്കു മുന്നിൽ 39–ാം മിനിറ്റിൽ ജെഫേഴ്സൻ ലെർമയാണ് കൊളംബിയയുടെ വിജയഗോൾ നേടിയത്. ആദ്യപകുതിയുടെ ഇൻജറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട ഡാനിയേൽ മുനോസ് പുറത്തായതോടെ രണ്ടാം പകുതിയിൽ 10 പേരിലേക്കു ചുരുങ്ങിയിട്ടും ഏകഗോൾ പ്രതിരോധിച്ചു വിജയമുറപ്പിക്കാൻ കൊളംബിയയ്ക്കു കഴിഞ്ഞു. 23 വർഷത്തിനു ശേഷമാണു കൊളംബിയ കോപ്പ ഫൈനലിൽ കടക്കുന്നത്. മുൻപ് ഒരേയൊരിക്കൽ ഫൈനൽ കളിച്ച 2001ൽ കൊളംബിയ കിരീടവുമായാണു മടങ്ങിയത്. തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5.30നാണ് അർജന്റീന–കൊളംബിയ ഫൈനൽ. യുറഗ്വായ് ഇതേവേദിയിൽ ഞായറാഴ്ച പുലർച്ചെ 5.30ന് കാനഡയ്ക്കെതിരെ മൂന്നാം സ്ഥാന മത്സരം കളിക്കും. 

യുറഗ്വായ് താരങ്ങളും കൊളംബിയൻ ആരാധകരും തമ്മിൽ ഗാലറിയിലുണ്ടായ കലഹം
യുറഗ്വായ് താരങ്ങളും കൊളംബിയൻ ആരാധകരും തമ്മിൽ ഗാലറിയിലുണ്ടായ കലഹം

‘നമ്മുടെ ബലഹീനതകൾ മറികടക്കും വരെ നമുക്കു വളർച്ചയുണ്ടാകില്ല. ബലഹീനതകൾ തിരിച്ചറിഞ്ഞ് അതിന്മേൽ വിജയം നേടുന്നതോടെ നമ്മുടെ വളർച്ചയ്ക്കും തുടക്കമാകുന്നു’– സെമി വിജയത്തിനു പിന്നാലെ കൊളംബിയയുടെ അർജന്റീനക്കാരനായ പരിശീലകൻ നെസ്റ്റർ ലോറൻസോ താത്വികമായി പറ‍ഞ്ഞ വാക്കുകൾ കൊളംബിയയുടെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. ഇതുവരെ ഒരു കളി പോലും തോൽക്കാതെയാണ് കൊളംബിയയുടെ ഫൈനൽ പ്രവേശം. ഗ്രൂപ്പ് ഘട്ടത്തിൽ പാരഗ്വായെ 2–1നു തോൽപിച്ചു തുടങ്ങിയ കൊളംബിയ കോസ്റ്ററിക്കയെ 3–0നും കീഴടക്കി. ബ്രസീലുമായി നടന്ന ആവേശപ്പോരാട്ടം 1–1 സമനിലയാക്കിയതോടെയാണ് കോപ്പയിൽ കൊളംബിയയുടെ കുതിപ്പിനു കരുത്തേറിയത്. ക്വാർട്ടർ ഫൈനലിൽ പാനമയെ 5–0ന് തകർത്തെറിഞ്ഞ കൊളംബിയയെ ത‌ടയാൻ കോപ്പയിലെ ഏറ്റവും കരുത്തുറ്റ ടീമായ യുറഗ്വായ്ക്കുമായില്ല. രണ്ടാം പകുതിയിൽ ഒരു കളിക്കാരന്റെ കുറവുണ്ടായിരുന്നിട്ടും, ആകെ പന്തവകാശത്തിൽ യുറഗ്വായ്ക്ക് മേധാവിത്തമുണ്ടായിരുന്നിട്ടും ഒരേസമയം പരുക്കനും കരുത്തുറ്റതുമായ കൊളംബിയൻ പ്രതിരോധം ഇളകിയില്ല. യുറഗ്വായ് താരം ഡാർവിൻ ന്യൂനസിനു മാത്രം 3 സുവർണാവസരങ്ങളാണു ലഭിച്ചത്. ലിവർപൂൾ താരം ന്യൂനസിന് ഇവയൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. മത്സരശേഷം തന്നെ ചീത്ത വിളിച്ച കൊളംബിയൻ ആരാധകരുമായും ന്യൂനസ് കലഹമുണ്ടാക്കി. 

ഹാമിഷ് റോഡ്രിഗസിന്റെ കോർണർ കിക്കിൽനിന്നായിരുന്നു ഇംഗ്ലിഷ് ക്ലബ് ക്രിസ്റ്റർ പാലസിന്റെ ഡിഫൻസീവ് മിഡ്ഫീൽഡറായ ലെർമയുടെ വിജയഗോൾ. ഗോൾമുഖത്തിനു തൊട്ടരികെ നിന്നുള്ള ഷോർട്ട് റേഞ്ച് ഹെഡർ യുറഗ്വായ് ഗോളി സെർഹിയോ റോച്ചെയ്ക്കു തടയാനായില്ല. 31–ാം മിനിറ്റിൽ മാക്സിമിലിയാനോ അരാഹോയെ അപകടകരമായി ടാക്കിൾ ചെയ്തതിനാണ് മെക്സിക്കൻ റഫറി കൊളംബിയൻ താരം ഡാനിയേൽ മുനോസിന് ആദ്യത്തെ മഞ്ഞക്കാർ‍ഡ് നൽകിയത്. പിന്നാലെ, മാനുവൽ ഉഗാർത്തെയെ കൈമുട്ടിന് ഇടിച്ചതിനു രണ്ടാം മഞ്ഞക്കാർഡും മാർച്ചിങ് ഓർഡറും. കഴി‍ഞ്ഞ ജൂൺ 16ന് കൊളംബിയ 3–0ന് ബൊളീവിയയെ തോൽപിച്ച സൗഹൃദമത്സരത്തിലും ചുവപ്പുകാർഡ് കണ്ടുപുറത്തായിരുന്നു ഡേവിഡ് മുനോസ്. 10 പേരിലേക്കു ചുരുങ്ങിയ കൊളംബിയൻ താരങ്ങൾ കളി പരുക്കനാക്കിയതോടെ യുറഗ്വായ് താരങ്ങളുടെയും സമനില കൈവിട്ടു. ഉന്തും തള്ളും തമ്മിലടിയും മത്സരശേഷം മൈതാനത്തുനിന്നു ഗാലറിയിലേക്കു വരെ നീണ്ടു. ആകെ 24 ഫൗളുകളും 6 മഞ്ഞക്കാർഡുകളും ഒരു ചുവപ്പു കാർഡുമാണു കളിയിലുണ്ടായത്. 

English Summary:

Copa america football final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com