സൗത്ത്ഗേറ്റ് വഴി ജയം: ‘ടാക്റ്റിക്കൽ സബ്സ്റ്റിറ്റ്യൂഷന്’ ഫലിച്ചു, ഇംഗ്ലണ്ട് ഫൈനലിൽ
Mail This Article
ഡോർട്മുണ്ട് ∙ ആലങ്കാരികമായി പറഞ്ഞാൽ, ഇംഗ്ലിഷ് ഫുട്ബോൾ ആരാധകർക്കിടയിൽ പ്രകടമായ രണ്ടു ചേരികളുണ്ട്– സൗത്ത് ഗേറ്റും നോർത്ത് ഗേറ്റും! സൗത്ത് ഗേറ്റിൽ ദേശീയ ടീം പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റിനെ പിന്തുണയ്ക്കുന്നവർ തന്നെ. നോർത്ത് ഗേറ്റിൽ അദ്ദേഹത്തിന്റെ ‘കരുതൽ ഫുട്ബോളിനെ’ വിമർശിക്കുന്നവരും. ഈ യൂറോ തുടങ്ങുമ്പോൾ നോർത്ത് ഗേറ്റിൽ ആയിരുന്നു ആളു കൂടുതൽ. എന്നാൽ നെതർലൻഡ്സിനെതിരെ സെമിഫൈനലിൽ 2–1നു ജയിച്ച് ഇംഗ്ലണ്ട് ഫൈനലിലെത്തിയതോടെ ഇപ്പോൾ സൗത്ത്ഗേറ്റിന്റെ പക്ഷത്താണ് ആരാധകക്കൂട്ടം.
യൂറോ കപ്പിനു മുൻപ് ഉദാസീനനെന്ന് താൻ പഴി കേട്ടിരുന്ന ‘ടാക്റ്റിക്കൽ സബ്സ്റ്റിറ്റ്യൂഷന്റെ’ പേരിൽ തന്നെയാണ് ഇപ്പോൾ സൗത്ത്ഗേറ്റ് അഭിനന്ദിക്കപ്പെടുന്നത്. നെതർലൻഡ്സിനെതിരെ 80–ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാരി കെയ്നെയും മിന്നിക്കളിച്ചിരുന്ന ഫിൽ ഫോഡനെയും പിൻവലിച്ച് സൗത്ത്ഗേറ്റ് ഇറക്കിയത് ആസ്റ്റൻ വില്ല താരം ഒലീ വാറ്റ്കിൻസിനെയും ചെൽസി താരം കോൾ പാമറെയും. പത്തു മിനിറ്റിനകം ആ ‘സർജിക്കൽ സ്‌ട്രൈക്ക്’ ഫലിച്ചു. കളി എക്സ്ട്രാ ടൈമിലേക്കെന്ന് ഡച്ച് താരങ്ങളും കാണികളുമെല്ലാം കരുതിയിരിക്കേ പാമറുടെ പാസിൽ നിന്ന് തകർപ്പൻ ഷോട്ടിൽ വാറ്റ്കിൻസിന്റെ വിജയഗോൾ (2–1). സൗത്ത്ഗേറ്റിന്റെ തന്നെ പരിശീലനത്തിൽ തുടരെ രണ്ടാം തവണയും ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലിൽ. 2021ൽ സ്വന്തം മണ്ണിൽ ഇറ്റലിയോടേറ്റ ഷൂട്ടൗട്ട് തോൽവിയുടെ വേദന മറക്കാൻ കൂടിയാണ് ഞായറാഴ്ച ബർലിനിലെ ഒളിംപിയ സ്റ്റേഡിയത്തിൽ സ്പെയിനെതിരെ ഇംഗ്ലണ്ട് ഇറങ്ങുക.
സെമിഫൈനൽ മത്സരം എക്സ്ട്രാ ടൈമിലേക്കു നീളാതെ തീർത്തത് ‘സൂപ്പർ സബു’കളാണെങ്കിലും ഈ യൂറോയിൽ ഇംഗ്ലണ്ട് കളിച്ച ‘ഏറ്റവും മികച്ച 45 മിനിറ്റ്’ എന്നാണ് നെതർലൻഡ്സിനെതിരെ ഇംഗ്ലണ്ടിന്റെ ആദ്യ പകുതിയിലെ പ്രകടനം പ്രശംസിക്കപ്പെടുന്നത്. 7–ാം മിനിറ്റിൽ സാവി സിമൺസിന്റെ തകർപ്പൻ ഷോട്ടിൽ നെതർലൻഡ്സ് ലീഡ് നേടിയെങ്കിലും മനസ്സു തളരാതെയായിരുന്നു ഇംഗ്ലണ്ടിന്റെ കളി. തുടരെ പെനൽറ്റി ഏരിയയിലേക്കു റെയ്ഡ് നടത്തിയ അവർ ഡച്ച് പ്രതിരോധത്തെ സമ്മർദത്തിലാക്കി. അതിനുള്ള പ്രതിഫലമായി 18–ാം മിനിറ്റിൽ ഡെൻസൽ ഡംഫ്രീസിന്റെ ലേറ്റ് ടാക്കിളിൽ കിട്ടിയ പെനൽറ്റി. കിക്ക് ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ കെയ്ൻ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു (1–1).
സമനില നേടിയതിന്റെ ആവേശത്തിൽ ഇരമ്പിക്കളിച്ച ഇംഗ്ലണ്ട് പലവട്ടം ഗോളിനടുത്തെത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. 23–ാം മിനിറ്റിൽ ഫിൽ ഫോഡൻ ഡച്ച് ഗോളി വെർബ്രൂഗന്റെ കാലുകൾക്കിടയിലൂടെ പന്ത് കടത്തിവിട്ടെങ്കിലും ഗോൾ ലൈൻ കടക്കും മുൻപേ ഡംഫ്രീസ് ക്ലിയർ ചെയ്തു. 31–ാം മിനിറ്റിൽ ഫോഡന്റെ ഷോട്ട് പോസ്റ്റിലിടിച്ചതും ഇംഗ്ലണ്ടിനു നിരാശയായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലോങ് പാസുകളും ഏരിയൽ ബോളുകളുമായി നെതർലൻഡ്സ് ആക്രമിച്ചു കളിച്ചപ്പോൾ ഇംഗ്ലണ്ട് പ്രതിരോധം കടുപ്പിച്ചു. കളി നിശ്ചിത സമയത്ത് തീർക്കാൻ നെതർലൻഡ്സിനാണ് ആവേശം എന്നു കരുതിയിരിക്കവെയാണ് വാറ്റ്കിൻസിന്റെ ഷോട്ട് ഡച്ച് വലയിൽ വന്നു പതിച്ചത് (2–1).