3 വർഷത്തിനിടെ 4 കിരീടങ്ങൾ, ഇത്തവണ ‘വീട്ടിൽ’ തന്നെ; കിരീടക്കണക്ക് ചോദിച്ചവർക്ക് ഇതാ മെസ്സിയുടെ മറുപടി
Mail This Article
മയാമി∙ മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുന്നിൽ അർജന്റീന ഒരിക്കൽ കൂടി കോപ്പ അമേരിക്ക കിരീടം ചൂടി. ഗാലറിയിൽ നീല പുതച്ച ആരാധകക്കൂട്ടം മനസ്സുനിറഞ്ഞ് വിളിച്ചുപറഞ്ഞു, ‘വാമോസ് അർജന്റീന!’. ഇതു പതിനാറാം തവണയാണ് കോപ്പയിൽ അർജന്റീന മുത്തമിടുന്നത്. തുടർച്ചയായ രണ്ടാം തവണയും. കിരീടം നേട്ടത്തോടെ തുടർച്ചയായി 3 മേജർ ചാംപ്യൻഷിപ്പുകളിൽ ജേതാവായ സ്പെയിനിന്റെ റെക്കോർഡിന് ഒപ്പമെത്തി അർജന്റീന. 2008, 2012 യൂറോ കപ്പുകൾ, 2010 ലോകകപ്പ് എന്നിവയാണ് സ്പെയിൻ നേടിയത്. അർജന്റീനയ്ക്ക് 2021 കോപ്പ അമേരിക്ക, 2022 ലോകകപ്പ് എന്നിവയ്ക്കു പിന്നാലെ 2024 കോപ്പ കിരീടവും. സ്പെയിൻ മറ്റൊരു യൂറോ കപ്പ് കൂടി നേടിയ ദിവസം തന്നെയാണിതെന്നുള്ളത് യാദൃശ്ചികമാകാം.
അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ താരമെന്ന നിലയിൽ മെസ്സിയുടെ ഇപ്പോഴത്തെ ‘ഹോം’ കൂടിയാണ് മയാമി. ഫൈനൽ പോരാട്ടത്തിന്റെ 64–ാം മിനിറ്റിൽ ലയണൽ മെസി പരുക്കേറ്റു തിരികെ കയറിയിരുന്നു. ഡഗ് ഔട്ടിൽവച്ചും പൊട്ടിക്കരഞ്ഞ മെസി മത്സരത്തിലെ സങ്കടക്കാഴ്ചയായുമായി. എങ്കിലും അർജന്റീനയുടെ കിരീടനേട്ടത്തിൽ ‘മെസ്സി ടച്ച്’ ഒഴിച്ചുമാറ്റാനാകില്ല. ഇതോടെ ക്ലബ്ബിനും രാജ്യത്തിനുമായി ലയണല്‍ മെസ്സിയുടെ കരിയറിലെ കിരീട നേട്ടങ്ങള്‍ 45 ആയി. ബ്രസീലിന്റെ മുന്‍ താരം ഡാനി ആല്‍വസിനെയാണ് മെസ്സി മറികടന്നത്.
അർജന്റീനയ്ക്ക് വേണ്ടി, കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ നാല് രാജ്യാന്തര കിരീടങ്ങളാണ് മെസ്സി നേടിയത്. 2022ൽ ഫിഫ ലോകകപ്പ്, 2021ലും 2024ലും കോപ്പ അമേരിക്ക നേടിയത് കൂടാതെ യൂറോ – കോപ്പ ജേതാക്കൾ ഏറ്റുമുട്ടിയ ഫൈനലിസിമയിലും അർജന്റീന വിജയക്കൊടി പാറിച്ചു. ക്ലബ്ബ് കരിയറില്‍ ആകെ 39 കിരീടങ്ങളാണ് മെസ്സിയുടെ അക്കൗണ്ടിലുുള്ളത്. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്‌ക്കൊപ്പം നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും 10 ലാ ലിഗ കിരീടങ്ങളും മെസ്സി നേടി. പിഎസ്ജിക്കൊപ്പം രണ്ട് ലീഗ് വണ്‍ കിരീടങ്ങള്‍, ബാഴ്‌സയ്‌ക്കൊപ്പം 15 പ്രാദേശിക കിരീടങ്ങള്‍, പിഎസ്ജിക്കൊപ്പവും ഇന്റന്‍ മയാമിക്കൊപ്പവും ഓരോ പ്രാദേശിക കിരീടങ്ങള്‍ വീതം. മൂന്നു തവണ യുവേഫ സൂപ്പര്‍ കപ്പും മൂന്നു തവണ ക്ലബ്ബ് ലോകകപ്പും മെസ്സി നേടി.
അര്‍ജന്റീനയ്‌ക്കൊപ്പം 2005ലെ അണ്ടര്‍ 20 ലോകകപ്പും 2008ലെ ഒളിംപിക് സ്വര്‍ണവും നേടിയിട്ടുണ്ട് മെസ്സി. ഇക്കാലത്തിനിടെ എട്ട് ബലോൻ ദ് ഓറും ആറു യൂറോപ്യന്‍ ഗോള്‍ഡന്‍ ബൂട്ടും മെസ്സി സ്വന്തമാക്കി. കരിയറില്‍ 1068 മത്സരങ്ങളില്‍ നിന്നായി 838 ഗോളുകളും 374 അസിസ്റ്റുകളും മെസ്സിയുടെ പേരിലുണ്ട്. കരിയറിൽ കിരീട വരൾച്ചയ്ക്ക് എന്നും പഴി കേട്ടിരുന്ന മെസ്സി, കോപ്പ നേട്ടത്തോടെ വിരമിക്കൽ പ്രഖ്യാപിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.