റയൽ ജഴ്സിയിൽ ‘അവതരിച്ച്’ കിലിയൻ എംബപെ, റൊണാൾഡോ സ്റ്റൈലിൽ സൂപ്പർ താരം
Mail This Article
മഡ്രിഡ്∙ സൂപ്പർ താരം കിലിയൻ എംബപെയെ സാന്റിയാഗോ ബെർണബ്യൂവിൽ അവതരിപ്പിച്ച് സ്പാനിഷ് ക്ലബ്ബ് റയൽ മഡ്രിഡ്. വർഷങ്ങൾക്കു മുൻപ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി റയൽ ജഴ്സിയിൽ ഇറങ്ങിയപ്പോള്‍ ചെയ്ത കാര്യങ്ങൾ ആവർത്തിച്ചാണ് എംബപെ സ്റ്റേഡിയത്തിലെത്തിയ ആരാധകരെ കയ്യിലെടുത്തത്. 2009ൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയലിലെത്തിയ റൊണാൾഡോ, ആരാധകർക്കൊപ്പം ‘ഹല മഡ്രിഡ്’ ചാന്റ് ഉയര്‍ത്തിയിരുന്നു. 15 വർഷങ്ങൾക്കിപ്പുറം ഫ്രാൻസ് ടീമിന്റെ ക്യാപ്റ്റൻ എംബപെയും റയലിന്റെ ഹോം ഗ്രൗണ്ടിൽ ഇത് ആവര്‍ത്തിച്ചു.
റൊണാൾഡോയുടെ കടുത്ത ആരാധകനാണ് എംബപെ. മെഡിക്കൽ പൂർത്തിയാക്കിയ എംബപെയ്ക്ക് ഒൻപതാം നമ്പർ ജഴ്സിയാണ് ക്ലബ്ബ് പ്രസിഡന്റ് ഫ്ലൊറന്റീനോ പെരസ് സമ്മാനിച്ചത്. 2009ൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഒൻപതാം നമ്പർ ജഴ്സിയാണ് റയൽ മഡ്രിഡ് ആദ്യം നൽകിയത്. റയൽ ജഴ്സിയിൽ ആരാധകരോട് സംസാരിക്കവെ, ‘ഹല മഡ്രിഡ്’ ചാന്റ് മുഴക്കാൻ എംബപെ ആവശ്യപ്പെട്ടു. ജഴ്സിയിലെ ക്ലബ് ഷീൽഡിൽ എംബപെ ചുംബിച്ചു.
‘‘കുട്ടിയായിരുന്നപ്പോൾ തന്നെ റയൽ മഡ്രിഡിൽ കളിക്കുന്നത് ഞാൻ സ്വപ്നം കണ്ടിരുന്നു. ഇന്ന് ഞാനിതാ ഇവിടെ. ഈ ക്ലബ്ബിനായി ഞാനെന്റെ ജീവൻ തന്നെ നൽകും.’’– എംബപെ പറഞ്ഞു. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിട്ടാണ് എംബപെ റയൽ മഡ്രിഡിൽ ചേര്‍ന്നത്. 80,000 ആരാധകരാണ് എംബപെയെ കാണാൻ സാന്റിയാഗോ ബെർണബ്യൂവിലെത്തിയത്.