ലമീൻ യമാലിന്റെ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച 4 പേർ അറസ്റ്റിൽ; പിതാവിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് താരം
Mail This Article
ബാർസിലോന∙ യൂറോ കപ്പ് ഫുട്ബോളിൽ സ്പെയിനെ ചാംപ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച യുവതാരം ലമീൻ യമാലിന്റെ പിതാവ് മുനീർ നസ്‌റൂയിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. സ്പെയിനിലെ തീരദേശ നഗരമായ മട്ടാരോയിലെ കാർ പാർക്കിങ് ഏരിയയിൽ വച്ചാണ് മുനീറിനു കുത്തേറ്റത്. മുൻ വൈരാഗ്യത്തിന്റെ പേരിലാണ് ഇവർ മുനീറിനെ ആക്രമിച്ചതെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ മുനീറിനെ ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഇദ്ദേഹം അപകടനില പിന്നിട്ടെങ്കിലും മൂന്നു ദിവസം കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയും.
സംഭവമുണ്ടായ ബുധനാഴ്ച രാവിലെ വളർത്തുനായയുമായി നടക്കാനിറങ്ങിയ മുനീറും ചില പ്രദേശവാസികളും തമ്മിൽ തർക്കമുണ്ടായതായി പറയുന്നു. തുടർന്ന് പൊലീസ് ഇടപെട്ടാണ് ഇരു കൂട്ടരെയും പിരിച്ചുവിട്ടത്. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്നാണ് വിവരം. രാത്രി ഒൻപതോടെയാണ് മുനീർ ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തതായി കറ്റാലൻ പൊലീസ് അറിയിച്ചു.
അതേസമയം, എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദിയറിയിച്ചും മുറിവുകൾ സുഖപ്പെട്ടു വരുന്നുവെന്നും വ്യക്തമാക്കി മുനീർ നസ്‌റൂയി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചു.
പുതിയ ഫുട്ബോൾ സീസണിനു മുന്നോടിയായി ബാർസിലോന ടീമിനൊപ്പമുള്ള ലമീൻ യമാൽ, ആശുപത്രിയിലെത്തി പിതാവിനെ സന്ദർശിച്ചു. ടീമിന്റെ രാവിലെയുള്ള പരിശീലന സെഷനിൽ പങ്കെടുത്ത ശേഷമാണ് പിതാവിനെ കാണാനായി ലമീൻ യമാൽ ആശുപത്രിയിലെത്തിയത്. പിതാവ് ആശുപത്രിയിലായ ഉടനെ സന്ദർശനം വേണ്ടെന്ന് അധികൃതർ ലമീൻ യമാലിനോടു നിർദ്ദേശിച്ചിരുന്നു. താരത്തെ കാണാൻ ആളു കൂടുന്ന സാഹചര്യമുണ്ടായാൽ ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെട്ടേക്കാമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.