ADVERTISEMENT

വാഴ്സ ∙ സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മഡ്രിഡിനായുള്ള അരങ്ങേറ്റ മത്സരം കിലിയൻ എംബപെ ഇതിലും മനോഹരമാക്കുന്നതെങ്ങനെ! റയലിന്റെ തൂവെള്ള ജഴ്സിയിൽ ആദ്യമായി ഇറങ്ങിയ ഫ്രാൻസ് സൂപ്പർ താരം ഗോളുമായി അരങ്ങേറ്റം ആഘോഷിച്ച മത്സരത്തിൽ ക്ലബ്ബിന് സീസണിലെ ആദ്യ ട്രോഫി. പോളണ്ട് തലസ്ഥാനമായ വാഴ്സയിലെ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയെ 2–0ന് തോൽപിച്ചാണ് കാർലോ ആഞ്ചലോട്ടിയുടെ ടീം കിരീടമുയർത്തിയത്. ചാംപ്യൻസ് ലീഗ് വിജയികളും യൂറോപ്പ ചാംപ്യൻമാരും തമ്മിൽ നടക്കുന്ന സൂപ്പർ കപ്പ് മത്സരത്തിൽ ആറാം തവണയാണ് റയൽ ജേതാക്കളാകുന്നത്.

അറ്റാക്കിങ് അറ്റലാന്റ

5–ാം മിനിറ്റിൽ തന്നെ റയൽ ഗോൾമുഖത്ത് മികച്ചൊരു അവസരം നേടിയെടുത്ത അറ്റലാന്റ, ആഞ്ചലോട്ടിക്കും സംഘത്തിനും മുന്നറിയിപ്പു നൽകി. 24–ാം മിനിറ്റിൽ വലതു വിങ്ങിലൂടെ ഇറ്റാലിയൻ ടീം നടത്തിയ മറ്റൊരു മുന്നേറ്റം റയൽ ഗോൾപോസ്റ്റിന്റെ ക്രോസ് ബാറിൽ തട്ടി പുറത്തുപോയി. ആദ്യ പകുതി തീരാൻ സെക്കൻഡുകൾ ശേഷിക്കെയാണ് റയലിന് മത്സരത്തിലെ ആദ്യ സുവർണാവസരം ലഭിക്കുന്നത്. എന്നാൽ റോഡ്രിഗോയുടെ ഇടംകാൽ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അറ്റലാന്റ നടത്തിയ പ്രത്യാക്രമണം റയൽ ഗോൾമുഖത്ത് ഭീതിവിതച്ചെങ്കിലും ഗോൾകീപ്പർ തിബോ കോർട്ടോ സ്പാനിഷ് ക്ലബ്ബിന്റെ രക്ഷകനായി. പിന്നാലെ ഏതുവിധേനയും ലീഡ് നേടണമെന്നുറപ്പിച്ച റയൽ, അറ്റലാന്റ ഗോൾമുഖത്തേക്ക് ഇരച്ചെത്താൻ തുടങ്ങി. റയലിന്റെ തുടരാക്രമണങ്ങൾ 59–ാം മിനിറ്റിൽ ഫലം കണ്ടു. അറ്റലാന്റ ഡിഫൻഡർമാരെ വെട്ടിച്ച് വലതുവിങ്ങിലൂടെ പെനൽറ്റി ഏരിയയ്ക്കുള്ളിൽ എത്തിയ ബ്രസീൽ താരം വിനീസ്യൂസ് നൽകിയ ക്രോസ് യുറഗ്വായ് സ്ട്രൈക്കർ വാൽവർദെ അനായാസം വലയിലെത്തിച്ചു.

ഇതാ എംബപെ

ഒരു ഗോൾ ലീഡ് നേടിയെങ്കിലും വാഴ്സ സ്റ്റേഡിയം നിറഞ്ഞ റയൽ ആരാധകർ കാത്തിരുന്നത് ഒരു എംബപെ  ഗോളിനായിരുന്നു. 

 അവരുടെ മോഹം സഫലമായത് 68–ാം മിനിറ്റിൽ. ഇംഗ്ലിഷ് മിഡ്ഫീൽഡർ ജൂഡ് ബെലിങ്ങാം നൽകിയ പാസ് അറ്റലാന്റ ഗോൾ പോസ്റ്റിലേക്ക് തട്ടിയിട്ട എംബപെ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി. 

  83–ാം മിനിറ്റിൽ തിരികെ ബെഞ്ചിലേക്ക് മടങ്ങുമ്പോൾ കന്നിയങ്കം ജയിച്ച പോരാളിയുടെ സംതൃപ്തി എംബപെയുടെ മുഖത്തുണ്ടായിരുന്നു. റയൽ ആരാധകർക്കാവട്ടെ, വരുംസീസണുകളിൽ തങ്ങൾക്ക് ആഘോഷിക്കാൻ ഒരു സൂപ്പർ താരത്തെ ലഭിച്ചതിന്റെ ആനന്ദവും. 

  അവസാന മിനിറ്റുകളിൽ അറ്റലാന്റ താരങ്ങൾ ഗോൾ മടക്കാൻ കഠിനാധ്വാനം ചെയ്തെങ്കിലും കോർട്ടോയുടെ കോട്ട തകർക്കാൻ അവർക്കായില്ല. കിരീടനേട്ടത്തിന്റെ ആഹ്ലാദത്തോടെ 19ന്  മയോർക്കയ്ക്കെതിരെ ലാലിഗ സീസണിലെ ആദ്യ മത്സരത്തിന് റയലിന് ഇറങ്ങാം. സ്പാനിഷ് ലീഗിൽ നിലവിലെ ചാംപ്യൻമാരാണ് റയൽ.

ആദ്യ ഇലവനിൽ ആര് ?

സൂപ്പർ താരം കിലിയൻ എംബപെയുടെ വരവോടെ ആദ്യ ഇലവനിൽ ആരെയെല്ലാം ഉൾപ്പെടുത്തണമെന്ന ‘കൺഫ്യൂഷനിലാണ്’ പരിശീലകൻ കാർലോ ആഞ്ചലോട്ടി.

   എംബപെ– റോഡ്രിഗോ– വിനീസ്യൂസ് എന്നിവരെ മുന്നേറ്റ നിരയിലും വാൽവർദെ– ഷുവാമെനി– ബെലിങ്ങാം എന്നിവരെ മധ്യനിരയിലും വിന്യസിച്ചാണ് അറ്റലാന്റയ്ക്കെതിരെ റയൽ ഇറങ്ങിയത്.

   ഇതോടെ ബ്രസീലിയൻ യുവതാരം എൻഡ്രിക്, തുർക്കി താരം അർദ ഗുലർ, ഫ്രാൻസ് താരം എഡ്വേഡോ കമവിംഗ തുടങ്ങിയവർക്ക് പുറത്തിരിക്കേണ്ടിവന്നു. 

 ടീമിലെ ഈ താരപ്പെരുപ്പം എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് സീസണിൽ ആഞ്ചലോട്ടിക്കു മുന്നിലുള്ള പ്രധാന ചോദ്യം.

English Summary:

Real madrid win UEFA Super Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com