കോംപനിപ്പട തുടങ്ങി; ജർമൻ കപ്പ് ആദ്യ റൗണ്ടിൽ ഉൽമിനെതിരെ ബയൺ മ്യൂണിക്കിന് 4–0 ജയം
Mail This Article
ബർലിൻ ∙ കഴിഞ്ഞ തവണ കൈവിട്ടു പോയ ലീഗും കപ്പും തിരിച്ചുപിടിക്കാനൊരുങ്ങുന്ന ബയൺ മ്യൂണിക്കിന് പുതിയ പരിശീലകൻ വിൻസന്റ് കോംപനിക്കു കീഴിൽ വിജയത്തുടക്കം. ജർമൻ കപ്പ് ഫുട്ബോൾ ഒന്നാം റൗണ്ടിൽ ഉൽമിനെതിരെ 4–0നാണ് ബയണിന്റെ ജയം. ആദ്യ പകുതിയിൽ ഇരട്ടഗോളുകളിലൂടെ തോമസ് മുള്ളർ ബയണിന് ലീഡ് സമ്മാനിച്ചു (12,14 മിനിറ്റുകൾ). കിങ്സ്‍ലി കോമൻ (79), ഹാരി കെയ്ൻ (90+3) എന്നിവർ ഗോൾപട്ടിക പൂർത്തിയാക്കി. മുപ്പത്തിയെട്ടുകാരൻ കോംപനിക്കു കീഴിൽ ബയണിന്റെ ആദ്യ മത്സരമായിരുന്നു ഇത്.
ഇംഗ്ലിഷ് ക്ലബ് ബേൺലിയുടെ പരിശീലകനായിരുന്ന കോംപനിയെ ബയൺ ഈ സീസണിൽ കോച്ചായി നിയമിച്ചത് അപ്രതീക്ഷിതമായിട്ടാണ്. ബയൺ അനായാസം ജയിച്ചു കയറിയ ദിനം മറ്റു ബുന്ദസ്‍ലിഗ ക്ലബ്ബുകളായ ഹൊഫെൻഹൈം, സാന്റ് പൗളി, മെയ്ൻസ് എന്നിവർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
മൂന്നാം ഡിവിഷൻ ക്ലബ് വുസ്ബർഗറിനെതിരെ 11–ാം മിനിറ്റിൽ പിന്നിലായ ഹൊഫെൻഹൈം പിന്നീട് സെൽഫ് ഗോളിൽ സമനില നേടി. എക്സ്ട്രാ ടൈമിലും ഇരുടീമും ഓരോ ഗോൾ നേടിയതോടെ കളി ഷൂട്ടൗട്ടിലേക്ക്. 5–3നായിരുന്നു ഹൊഫെൻഹൈമിന്റെ ജയം.