9 ഗോളുമായി മുഹമ്മദ് സലാ; റെക്കോർഡ്; ലിവർപൂളിന് വിജയത്തുടക്കം
Mail This Article
ലണ്ടൻ ∙ സീസൺ ഐശ്വര്യമായി തന്നെ തുടങ്ങി എന്ന് ലിവർപൂൾ ആരാധകർക്ക് സന്തോഷിക്കാം. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ എന്ന പതിവ് സൂപ്പർതാരം മുഹമ്മദ് സലാ കാത്തതോടെ ഇപ്സ്‍വിച്ച് ടൗണിനെതിരെ ലിവർപൂളിന് 2–0 ജയം. 60–ാം മിനിറ്റിൽ ഡിയേഗോ ജോട്ടയാണ് ലിവർപൂളിനെ മുന്നിലെത്തിച്ചത്. അഞ്ചു മിനിറ്റിനകം സലായും ലക്ഷ്യം കണ്ടു. പ്രിമിയർ ലീഗ് സീസണുകളിലെ ആദ്യ റൗണ്ട് മത്സരങ്ങളിൽ ഇത് 9–ാം തവണയാണ് ഈജിപ്ഷ്യൻ താരം സലാ ലക്ഷ്യം കാണുന്നത്. ഫ്രാങ്ക് ലാംപാഡ്, വെയ്ൻ റൂണി, അലൻ ഷിയറർ എന്നിവരെ പിന്തള്ളി ഈ റെക്കോർഡും മുപ്പത്തിരണ്ടുകാരൻ സലാ സ്വന്തമാക്കി.
പുതിയ പരിശീലകൻ അർനെ സ്‍ലോട്ടിനു കീഴിൽ ആദ്യ മത്സരം കളിക്കാനിറങ്ങിയ ലിവർപൂളിനെ ആദ്യ പകുതിയിൽ ചെറുത്തുനിന്ന ശേഷമാണ് ഇപ്സ്‍വിച്ച് സ്വന്തം മൈതാനമായ പോർട്മാൻ റോഡിൽ കീഴടങ്ങിയത്. രണ്ടാം ഡിവിഷനിൽ നിന്ന് ഇത്തവണ പ്രമോഷൻ കിട്ടിയെത്തിയ ഇവ്സ്‍വിച്ചിനു വേണ്ടി ആരവം മുഴക്കാൻ ക്ലബ്ബിന്റെ സഹഉടമകളിലൊരാളായ എഡ് ഷീരനും ഗാലറിയിലെത്തിയിരുന്നു. എന്നാൽ ആദ്യ പകുതിയിൽ കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ ഇപ്സ്‍വിച്ചിനായില്ല. രണ്ടാം പകുതിയിൽ ലിവർപൂൾ ഫോമിലായതോടെ ഇപ്സ്‍വിച്ചിന്റെ പ്രതിരോധം തകർന്നു.
അഞ്ചു മിനിറ്റിനിടെ ലിവർപൂൾ നേടിയ രണ്ടു ഗോളുകൾക്ക് മറുപടി നൽകാൻ അവർക്കായില്ല. ട്രെന്റ് അലക്സാണ്ടർ അർനോൾഡ് നൽകിയ കൃത്യതയാർന്ന ക്രോസിൽ നിന്ന് സലാ നൽകിയ അസിസ്റ്റിലാണ് 60–ാം മിനിറ്റിൽ ജോട്ട ലക്ഷ്യം കണ്ടത്. ഡൊമിനിക് സൊബോസ്‍ലായിയുടെ അസിസ്റ്റിൽ നിന്നായിരുന്നു 65–ാം മിനിറ്റിൽ സലായുടെ ഗോൾ.