ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കിയതിനെതിരെ ഇഗോർ സ്റ്റിമാച്ച് ഫിഫയ്ക്കു പരാതി നൽകി. കരാർ വ്യവസ്ഥകൾ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ലംഘിച്ചുവെന്നും ഈ സാഹചര്യത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു ഞായറാഴ്ചയാണു സ്റ്റിമാച്ച് ഫിഫയെ സമീപിച്ചത്.

2019ൽ ഇന്ത്യൻ കോച്ചായി നിയമിതനായ ക്രൊയേഷ്യക്കാരൻ സ്റ്റിമാച്ചിനു കഴിഞ്ഞ ഒക്ടോബറിലാണ് 2026 വരെ കരാർ നീട്ടി നൽകിയത്. എന്നാൽ ലോകകപ്പ് ഫുട്ബോൾ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യൻ ടീം രണ്ടാം റൗണ്ടിൽ പുറത്തായതോടെ ജൂണിൽ സ്റ്റിമാച്ചിനെ പുറത്താക്കുകയായിരുന്നു. പിന്നാലെ നഷ്ടപരിഹാരത്തുക 10 ദിവസത്തിനുള്ളിൽ ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം താൻ ഫിഫ ട്രൈബ്യൂണലിനെ സമീപിക്കുമെന്നും സ്റ്റിമാച്ച് വ്യക്തമാക്കി.

ജൂണിൽ സ്റ്റിമാച്ചിനെ പുറത്താക്കിയ ഘട്ടത്തിൽ 3 മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകാമെന്ന് എഐഎഫ്എഫ് അറിയിച്ചിരുന്നു. എന്നാൽ സ്റ്റിമാച്ച് ഇതു നിരസിച്ചു. കരാർ അനുസരിച്ചു അടുത്ത വർഷം ജനുവരി വരെ പ്രതിമാസം 30,000 യുഎസ് ഡോളറും തുടർന്നു 2026 ജൂൺ വരെ 40,000 ഡോളറുമായിരുന്നു സ്റ്റിമാച്ചിന്റെ ശമ്പളം. ഏഴരക്കോടി രൂപയോളം വരുമിത്.

English Summary:

Igor Stimac filed complaint to FIFA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com