ADVERTISEMENT

കൊച്ചി ∙ പന്തുകൾ സഞ്ചരിക്കുകയാണ്; കാഞ്ഞങ്ങാട്ടുനിന്ന് കൊച്ചിയിലേക്ക്. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോളിന്റെ പ്രചാരണാർഥം കാസർകോ‍ട് ജില്ലയിലെ കാഞ്ഞങ്ങാട്ടുനിന്ന് 17ന് ആരംഭിച്ച ‘ഫുട്ബോൾ പാസ് റിലേ’ ഉദ്ഘാടന ദിനമായ സെപ്റ്റംബർ 7ന് കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ എത്തുമ്പോഴേക്കും 1000 കിലോമീറ്റർ പൂർത്തിയാകും.

വിവിധ ജില്ലകളിലെ 75 കേന്ദ്രങ്ങളിലൂടെയാണ് ഫുട്ബോൾ പാസ് റിലേ കടന്നു പോവുക. കലൂർ സ്റ്റേഡിയത്തിൽ റിലേ പൂർത്തിയാകുമ്പോഴേക്കും ഒരു ലക്ഷം പേർ സൂപ്പർ പാസിൽ പങ്കാളികളാകുമെന്നാണു സംഘാടകരുടെ പ്രതീക്ഷ.

∙ കുട്ടികൾക്കൊപ്പം 

കാസർകോ‍‍ട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലൂടെ മുന്നേറുകയാണു ഫുട്ബോൾ പാസ് റിലേ. അടുത്ത ജില്ല മലപ്പുറം. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ വ്യത്യസ്തമായ പരിപാടികളാണു സംഘടിപ്പിക്കുന്നത്. ടർഫ് വിരിച്ചു പ്ലാറ്റ്ഫോമും ഗോൾ പോസ്റ്റുമൊക്കെ ഒരുക്കിയാണ് ഫുട്ബോൾ റിലേ ഓരോ വേദിയിലേക്കുമെത്തുന്നത്.

ഷൂട്ടൗട്ട് ചാലഞ്ചും റിലേ പാസുമൊക്കെ ഈ വാഹനത്തിലാണ്. വിവിധ സ്ഥലങ്ങളിലെ ഫുട്ബോൾ അക്കാദമികളിലെ കുട്ടികളും കോളജ് – സ്കൂൾ വിദ്യാർഥികളും ഫുട്ബോൾ പ്രേമികളുമൊക്കെയാണ് റിലേയെ വരവേൽക്കുന്നത്. കണ്ണൂർ ടീം അക്കാദമി കുട്ടികളുമായി ആശയവിനിമയവും നടത്തി. സൂപ്പർ ലീഗ് ക്ലബ്ബുകളാണു സ്വന്തം തട്ടകങ്ങളിൽ പരിപാടികൾ ഒരുക്കുന്നത്.

∙ കിക്കോഫും ഫൈനലും കൊച്ചിയിൽ

സൂപ്പർ ലീഗിന്റെ കിക്കോഫിനു മാത്രമല്ല, ഫൈനലിനും വേദി കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം തന്നെ. ഉദ്ഘാടന മത്സരം സെപ്റ്റംബർ 7 ന്. നവംബർ 10 ഞായറാഴ്ചയാണു ഫൈനൽ. ഒന്നാം സെമിഫൈനൽ നവംബർ അഞ്ചിനു കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലും രണ്ടാം സെമി ആറിന് മലപ്പുറം മഞ്ചേരി സ്റ്റേഡിയത്തിലും നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയവും ലീഗിനു വേദിയാകും.

∙ ആവേശത്തോടെ മലബാർ

ലീഗിൽ ഫൈനൽ ഉൾപ്പെടെ ആകെ 33 മത്സരങ്ങളുണ്ട്. വൈകിട്ട് ഏഴിനാണ് എല്ലാ മത്സരങ്ങളും. 4 വേദികളുണ്ടെങ്കിലും ഏറ്റവും കൂടുതൽ‌ മത്സരങ്ങൾക്കു വേദിയാകുന്നതു കോഴിക്കോടും മലപ്പുറവുമാണ്. ഇരു ജില്ലകളിലുമായി 22 മത്സരങ്ങൾ; രണ്ടിടത്തും 11 കളികൾ വീതം. 6 മത്സരങ്ങൾക്കു കൊച്ചി വേദിയാകും. ഏറ്റവും കുറച്ചു മത്സരങ്ങൾ നടക്കുന്നതു തിരുവനന്തപുരത്താണ്; അഞ്ചെണ്ണം.

English Summary:

Thousand kilometer football pass relay ahead of Super League Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com