പതിവു തെറ്റിക്കാതെ ഹോർഹെ പെരേര ഡയസ്, ഗോളടിച്ച് ബ്ലാസ്റ്റേഴ്സിന്റെ കഥ തീർത്ത് ബെംഗളൂരു
Mail This Article
കൊൽക്കത്ത ∙ കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കുമ്പോഴെല്ലാം ഗോളടിച്ച് അവരുടെ കഥ തീർക്കുക എന്ന പതിവ് ഹോർഹെ പെരേര ഡയസ് ഇത്തവണയും തെറ്റിച്ചില്ല! മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ പെരേര ഡയസ് ഇൻജറി ടൈമിൽ നേടിയ ഗോളിൽ ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കേരള ടീമിനെതിരെ ബെംഗളൂരു എഫ്സിക്ക് ജയം
(1–0). 2022ൽ ബ്ലാസ്റ്റേഴ്സ് വിട്ട ശേഷം രണ്ടു സീസൺ ഐഎസ്എൽ മത്സരങ്ങളിൽ മുൻ ടീമിനെതിരെ മുംബൈ സിറ്റി എഫ്സിക്കു വേണ്ടി ഡയസ് ലക്ഷ്യം കണ്ടിരുന്നു. ഈ സീസണിലാണ് മുംബൈയിൽ നിന്ന് ഡയസ് ബെംഗളൂരുവിലെത്തിയത്. അവിടെയും കഥ അതു തന്നെ!
കളി ഷൂട്ടൗട്ടിലേക്കെന്ന് ഉറപ്പിച്ചു നിൽക്കവെയാണ് ഇൻജറി ടൈമിന്റെ 5–ാം മിനിറ്റിൽ അർജന്റീനക്കാരൻ ഡയസ് ലക്ഷ്യം കണ്ടത്. കോർണറിൽ നിന്നുള്ള പന്ത് ലഭിച്ചത് സുനിൽ ഛേത്രിക്ക്. ഛേത്രി അത് ഫാർ പോസ്റ്റിൽ ഡയസിനു തട്ടി നൽകി. ഡയസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ലക്ഷ്യം കണ്ടതോടെ ബ്ലാസ്റ്റേഴ്സിന് ഹൃദയഭേദകമായ തോൽവി. 27ന് ഇതേ വേദിയിൽ നടക്കുന്ന രണ്ടാം സെമിഫൈനലിൽ ബെംഗളൂരു എഫ്സി കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ നേരിടും. ജംഷഡ്പുരിൽ, പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബഗാൻ ഇന്നലെ പഞ്ചാബ് എഫ്സിയെ മറികടന്നു. സഡൻ ഡെത്തിൽ 6–5നാണ് ബഗാന്റെ ജയം. നിശ്ചിത സമയത്ത് കളി 3–3 സമനിലയായിരുന്നു. 26ന് ഒന്നാം സെമിഫൈനലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഷില്ലോങ് ലജോങ്ങിനെ നേരിടും.
ഒന്നാം മിനിറ്റിൽ തന്നെ പെരേര ഡയസുമായി കൂട്ടിയിടിച്ചു പരുക്കേറ്റ ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സോം കുമാറിന് മൈതാനം വിടേണ്ടി വന്നു. സച്ചിൻ സുരേഷാണ് പകരമിറങ്ങിയത്. 16–ാം മിനിറ്റിൽ സച്ചിന്റെ ഒരു ഫൗളിൽ ഡയസ് വീണെങ്കിലും റഫറി ബെംഗളൂരുവിന് പെനൽറ്റി അനുവദിക്കാതിരുന്നത് ബ്ലാസ്റ്റേഴ്സിന് രക്ഷയായി.