എംബപെ ഇല്ലെങ്കിലും എൻഡ്രിക് ഉണ്ടല്ലോ; അരങ്ങേറ്റ മത്സരത്തിൽ എൻഡ്രിക്കിന് ഗോൾ, റയലിന് 3–0 ജയം
Mail This Article
മഡ്രിഡ് ∙ എംബപെയുടെ ഗോളിനു വേണ്ടി കാത്തിരുന്ന റയൽ മഡ്രിഡ് ആരാധകർക്ക് കിട്ടിയത് എൻഡ്രിക്കിന്റെ ഗോൾ! സ്പാനിഷ് ലീഗ് ഫുട്ബോൾ മത്സരത്തിൽ റയൽ വല്ലദോലിദിനെതിരെ 3–0നു ജയിച്ച മത്സരത്തിൽ അവസാന നിമിഷം (90+6) ഗോൾ നേടി ബ്രസീലിയൻ താരം അരങ്ങേറ്റം ഗംഭീരമാക്കി. റയലിനു വേണ്ടി പതിനെട്ടുകാരൻ എൻഡ്രിക്കിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഫെഡറിക്കോ വാൽവെർദെ (50–ാം മിനിറ്റ്), ബ്രാഹിം ഡയസ് എന്നിവരാണ് (88) റയലിന്റെ മറ്റു സ്കോറർമാർ. സീസണിൽ റയലിന്റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യൻമാർ മയോർക്കയോടു 1–1 സമനില വഴങ്ങിയിരുന്നു.
സാന്തിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ ഉജ്വല വിജയം പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ആദ്യ പകുതിയിൽ റയലിന്റേത്. മഡ്രിഡിലെ വേനൽച്ചൂടും വല്ലദോലിദിന്റെ കടുത്ത പ്രതിരോധവും കൂടിയായതോടെ എംബപെ, വിനീസ്യൂസ്, റോഡ്രിഗോ, അർദ ഗുലർ എന്നിവരുൾപ്പെടുന്ന റയൽ മുന്നേറ്റനിര വിയർത്തു. കളിയുടെ തുടക്കത്തിൽ വല്ലദോലിദ് ഗോൾകീപ്പർ കാൾ ഹെയ്ൻ തട്ടിയകറ്റിയ ഒരു ഷോട്ട് മാത്രമാണ് ഹോം ഗ്രൗണ്ട് അരങ്ങേറ്റത്തിൽ എംബപെയ്ക്ക് എടുത്തു പറയാനുണ്ടായത്.