നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഡ്യുറാൻഡ് കപ്പ് ഫൈനലിൽ; ഷില്ലോങ് ലജോങ്ങിനെ 3–0നു തോൽപിച്ചു
Mail This Article
ഷില്ലോങ് ∙ വടക്കു കിഴക്കൻ ദേശത്തെ ഒന്നാം നമ്പർ ടീം തങ്ങൾ തന്നെയെന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തെളിയിച്ചു. ഡ്യുറാൻഡ് കപ്പ് സെമിഫൈനലിലെ വടക്കുകിഴക്കൻ നാട്ടുപോരിൽ ഷില്ലോങ് ലജോങ് എഫ്സിയെ 3–0നു തോൽപിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഫൈനലിൽ കടന്നു. ഇന്നു നടക്കുന്ന മോഹൻ ബഗാൻ–ബെംഗളൂരു എഫ്സി സെമിഫൈനൽ വിജയികളെ ശനിയാഴ്ച കൊൽക്കത്തയിലെ ഫൈനലിൽ നോർത്ത് ഈസ്റ്റ് നേരിടും.
ലജോങ്ങിന്റെ ഹോംഗ്രൗണ്ടിൽ അവരെ നിഷ്പ്രഭരാക്കിയ പ്രകടനത്തോടെയാണ് നോർത്ത് ഈസ്റ്റിന്റെ ജയം. ആദ്യ പകുതിയിൽ തോയ് സിങ്, അലാദിൻ അജാരെ എന്നിവരും ഇൻജറി ടൈമിൽ പാർഥിപ് ഗോഗോയിയുമാണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്. 13–ാം മിനിറ്റിൽ ഉജ്വലമായ ടീം മികവിലൂടെയായിരുന്നു നോർത്ത് ഈസ്റ്റിന്റെ ആദ്യ ഗോൾ. സാംതെയുടെ ത്രോ ഇൻ പെനൽറ്റി ഏരിയയിൽ തേടിയെത്തിയത് അജാരെയെ.
മൊറോക്കൻ താരത്തിന്റെ ബാക്ക് ഹീൽ മലയാളി താരം എം.എസ്.ജിതിന്. കോർണർ ലൈനിനു സമീപത്തേക്ക് ഓടിക്കയറിയ ജിതിൻ നൽകിയ മികച്ച ക്രോസ് കൃത്യമായി തോയ് സിങ് ഗോളിലേക്കു തിരിച്ചുവിട്ടു. 33–ാം മിനിറ്റിൽ ലജോങ് പ്രതിരോധം പിളർത്തി സ്പാനിഷ് താരം നെസ്റ്റർ റോജർ നൽകിയ പാസിൽ നിന്ന് അജാരെയും ലക്ഷ്യം കണ്ടു. ഗോൾകീപ്പർ മാനസിനു മുകളിലൂടെ അജാരെ ചിപ് ചെയ്ത പന്ത് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും റീബൗണ്ടിൽ അജാരെ ലക്ഷ്യം കണ്ടു. ഇൻജറി ടൈമിൽ (90+3) ഒറ്റയാൾ മുന്നേറ്റത്തിലൂടെ പകരക്കാരൻ പാർഥിപ് ഗോഗോയിയും ലക്ഷ്യം കണ്ടതോടെ ജയം പൂർണം.