ADVERTISEMENT

കൊച്ചി∙ പുതിയ ഐഎസ്എൽ സീസണിനു തുടക്കമാകാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ, സ്പെയിനിൽനിന്ന് പുതിയൊരു സ്ട്രൈക്കറെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രെറ്റെയുടെ താരമായിരുന്ന മുപ്പതുകാരൻ ജെസൂസ് ഹിമെനെയാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടത്. ഈസ്റ്റ് ബംഗാൾ എഫ്‍സിയിലേക്കു പോയ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റാക്കോസിനു പകരക്കാരനായാണ് സ്പാനിഷ് താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത്.

  • Also Read

ഇതോടെ, പുതിയ സീസണിൽ ക്വാമി പെപ്ര–നോഹ സദൂയി സഖ്യത്തിനൊപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾ നയിക്കാൻ ഹിമെനെയുമുണ്ടാകും. സെപ്റ്റംബർ 15ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‍സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. അടുത്തിടെ നടന്ന ഡ്യുറാൻ കപ്പ് ക്വാർട്ടർ ഫൈനലിൽ ബെംഗളൂരു എഫ്‍സിയോട് 1–0ന് തോറ്റ് ബ്ലാസ്റ്റേഴ്സ് പുറത്തായിരുന്നു.

ഗോളടിക്കുന്നതിനൊപ്പം ഗോളിനു വഴിയൊരുക്കുന്നതിലും മികവു കാട്ടുന്ന താരമാണ് ജെസൂസ് ഹിമെനെ. കരിയറിലാകെ 237 മത്സരങ്ങളിൽനിന്ന് 66 ഗോളുകളും 31 അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.

2017–18 സീസണിൽ സ്പെയിനിൽ മൂന്നാം ഡിവിഷൻ ലീഗിൽ സിഎഫ് ടലവേരയ്ക്കു കളിച്ചുകൊണ്ടാണ് ഹിമെനെ ശ്രദ്ധേയനാകുന്നത്. 37 മത്സരങ്ങളിൽനിന്ന് 12 ഗോളുകളുമായി തിളങ്ങിയതോടെ, പോളിഷ് ക്ലബ് ഗോർണിക് സാബർസെയിലെത്തി. അവിടെ 134 മത്സരങ്ങളിൽനിന്ന് 43 ഗോളുകളാണ് നേടിയത്. ഇതിനു പുറമേ 25 അസിസ്റ്റുകളുമുണ്ട്. 2021–22 സീസണിൽ പോളണ്ടിലെ ഒന്നാം ഡിവിഷൻ ലീഗിൽ 21 മത്സരങ്ങളിൽ കളിച്ചു. തുടർന്ന് യുഎസിലെ മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‍സിക്കായും എഫ്‍സി ഡല്ലാസിനായും കളിച്ചു. പിന്നീട് ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രെറ്റെ എഫ്‍സിയുമായി കരാറിലെത്തിയെങ്കിലും പരുക്കുമൂലം കാര്യമായി തിളങ്ങാനായില്ല.

English Summary:

Kerala Blasters sign Spanish striker Jesus Jimenez

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com