ADVERTISEMENT

മൊണാക്കോ∙ യുവേഫ ചാംപ്യൻസ് ലീഗിലെ അവിസ്മരണീയ പ്രകടനങ്ങൾക്ക് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് യുവേഫയുടെ ആദരം. ചാംപ്യൻസ് ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ക്രിസ്റ്റ്യാനോയെ, പുതിയ സീസണിനു മുന്നോടിയായി മത്സരക്രമം നിശ്ചയിക്കുന്ന വേദിയിലാണ് പ്രത്യേക പുരസ്കാരം നൽകി യുവേഫ ആദരിച്ചത്. യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫേറിനാണ് താരത്തിന് പുരസ്കാരം സമ്മാനിച്ചത്.

ചാംപ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മഡ്രി‍ഡ്, യുവെന്റസ് എന്നീ ടീമുകൾക്കായി 183 മത്സരങ്ങൾ കളിച്ചിട്ടുള്ള റൊണാൾഡോ, 140 ഗോളുകളുമായി റെക്കോർഡ് ബുക്കിലും ഇടംപിടിച്ചു.

‘‘എന്നെ സംബന്ധിച്ച് ഇവിടെ ആയിരിക്കുന്നത് ഏറ്റവും സന്തോഷകരമായ കാര്യമാണ്. ഈ അവിസ്മരണീയ പുരസ്കാരത്തിന് ഹൃദയം നിറഞ്ഞ നന്ദി. ഫുട്ബോളിന്റെ ഏറ്റവും ഉയർന്ന തലമാണ് ചാംപ്യൻസ് ലീഗ് എന്ന് എല്ലാവർക്കും അറിയാം. അതിന് റെക്കോർഡുകൾ തന്നെ സാക്ഷി. എങ്കിലും ഈ ലീഗിനെ മികവുറ്റതാക്കുന്നത് അവിടെ കളിക്കുന്ന താരങ്ങൾ തന്നെയാണ്. എനിക്കും ഈ ടൂർണമെന്റ് മറക്കാനാകാത്ത അനുഭവം തന്നെയാണ്. നന്ദി’ – പുരസ്കാരം സ്വീകരിച്ചുകൊണ്ട് സൂപ്പർതാരം പറഞ്ഞു.

അഞ്ച് തവണ ചാംപ്യൻസ് ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് റൊണാൾഡോ. ഒരു തവണ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പവും നാലു തവണ റയൽ മഡ്രിഡിനൊപ്പവും കിരീട നേട്ടത്തിൽ പങ്കാളിയായി. ആദ്യമായി അഞ്ച് ചാംപ്യൻസ് ലീഗ് കിരീടവിജയങ്ങളുടെ ഭാഗമാകുന്ന താരമാണ് റൊണാൾഡോ. മാത്രമല്ല, മൂന്ന് ചാംപ്യൻസ് ലീഗ് ഫൈനലുകളിൽ (2008, 2014, 2017) ഗോൾ നേടിയിട്ടുള്ള ആദ്യ താരം കൂടിയാണ് അദ്ദേഹം.

ചാംപ്യൻസ് ലീഗിൽ തുടർച്ചയായി കൂടുതൽ മത്സരങ്ങളിൽ ഗോളടിച്ച താരമെന്ന നേട്ടവും റൊണാൾഡോയ്ക്കു സ്വന്തം. 2017 ജൂൺ മുതൽ 2018 ഏപ്രിൽ വരെയുള്ള കാലയളവിൽ തുടർച്ചയായി 11 മത്സരങ്ങളിലാണ് സൂപ്പർതാരം ഗോൾ നേടിയത്. ഇതിനു പുറമേ ചാംപ്യൻ‌സ് ലീഗിൽ എട്ടു ഹാട്രിക്കുകളും റൊണാൾഡോയുടെ പേരിലുണ്ട്.

English Summary:

Cristiano Ronaldo honoured with special award for UCL legacy during UEFA Champions League 2024-25 draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com