ADVERTISEMENT

മലപ്പുറം ∙ ഉരുൾപൊട്ടിയൊഴുകിയ വയനാടിന്റെ വേദനകൾക്കു സാന്ത്വനമേകാൻ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇന്നു കാൽപന്തുരുളും. വയനാട് ദുരന്ത ബാധിതരെ സഹായിക്കാനായി നടക്കുന്ന ചാരിറ്റി മത്സരത്തിൽ ഐ ലീഗ് ചാംപ്യന്മാരായ കൊൽക്കത്ത മുഹമ്മദൻസും സൂപ്പർ ഇലവനും തമ്മിലുള്ള മത്സരത്തിന്റെ കിക്കോഫ് വൈകിട്ട് 7.30ന്. 

  സെപ്റ്റംബർ 7നു തുടങ്ങുന്ന സൂപ്പർ ലീഗ് കേരളയിൽ പങ്കെടുക്കുന്ന ആറു ടീമുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട താരങ്ങളാണു സൂപ്പർ ഇലവനായി ബൂട്ടുകെട്ടുന്നത്.  ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റ്ഫോമായ പേയ്ടിഎമ്മിലും സ്റ്റേഡിയത്തിലെ കൗണ്ടറിലും ലഭിക്കും.   മത്സരത്തിൽനിന്നു ലഭിക്കുന്ന വരുമാനം പൂർണമായി വയനാട് പുനരധിവാസത്തിനായി സംഭാവന ചെയ്യും. sportscastindia എന്ന യൂട്യൂബ് ചാനലിൽ മത്സരം തത്സമയം കാണാം.

ചാരിറ്റി മത്സരമാണെങ്കിലും മൈതാനത്ത് ആവേശം വിതയ്ക്കാൻ കെൽപ്പുള്ള താരനിരയുമായാണു ഇരുടീമുകളുമെത്തുന്നത്. ഐഎസ്എലിലേക്കു പ്രവേശനം ലഭിച്ചതിന്റെ ആവേശത്തിലെത്തുന്ന മുഹമ്മദൻസിനായി പ്രധാന താരങ്ങളെല്ലാം ബൂട്ടുകെട്ടും. ഉസ്ബെക്ക് താരം മിർജാലേൻ കാസിമോവ്, അർജന്റൈൻ താരം അലക്സിസ് ഗോമസ്, ബ്രസീലിയൻ സ്ട്രൈക്കർ ഫ്രാൻസ, പ്രതിരോധത്തിലെ ആഫ്രിക്കൻ കരുത്ത് മുഹമ്മദ് ഖാദിരി ഉൾപ്പെടെ വൻതാരനിരയുമായാണു കൊൽക്കത്ത ടീമിന്റെ പടയൊരുക്കം. 

ഐ ലീഗ് കിരീടത്തിന്റെ പകിട്ടുമായെത്തുന്ന മുഹമ്മദൻസിനു വെല്ലുവിളിയുയർത്താൻ കെൽപുള്ള താരങ്ങൾ സൂപ്പർ ഇലവനിലുണ്ട്. സ്പാനിഷ് താരങ്ങളായ അലക്സ് സാഞ്ചെസ്, ആസിയർ ഗോമസ്, എലോയ് ഒർഡോനസ്, ഹെയ്തി താരം കെർവെൻസ് ബെൽഫോർട്ട് തുടങ്ങി മികവുറ്റ വിദേശ താരങ്ങൾ സൂപ്പർ ഇലവനായി കളിക്കും. ബിനോ ജോർജാണു സൂപ്പർ ഇലവനായി തന്ത്രങ്ങൾ മെനയുന്നത്.

English Summary:

Football supports for rehabilitation of Wayanad landslide victims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com