സച്ചു സിബി ഇനി യൂറോപ്പിൽ കളിക്കും; മലയാളി താരം ലോൺ അടിസ്ഥാനത്തിൽ അൻഡോറ ലീഗിലേക്ക്
Mail This Article
തൊടുപുഴ ∙ കഴിഞ്ഞ ഐഎസ്എൽ ഫുട്ബോൾ ടൂർണമെന്റിൽ ചെന്നൈയിൻ എഫ്സിക്കു വേണ്ടി കളിച്ച മലയാളി താരം സച്ചു സിബി യൂറോപ്യൻ ഫുട്ബോളിലേക്ക്. സ്പെയിനിനോടു ചേർന്നുള്ള അൻഡോറയിലെ ഇന്റർ എസ്കൽഡസ് എന്ന ക്ലബ്ബിനായി ഇരുപത്തിമൂന്നുകാരൻ സച്ചു ഒരു വർഷം ലോൺ അടിസ്ഥാനത്തിൽ കളിക്കും. അൻഡോറയിലെ ഫുട്ബോൾ ലീഗിൽ കഴിഞ്ഞ സീസണിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇന്റർ എസ്കൽഡസ്.
നിലവിൽ ഐ ലീഗ് ക്ലബ്ബായ ഇന്റർ കാശിയുടെ താരമാണ് ഇടുക്കി കുമളി സ്വദേശിയായ സച്ചു. 8 ലക്ഷം രൂപയ്ക്കാണ് ലെഫ്റ്റ് ഫുൾബാക്കായ സച്ചു കരാറിൽ ഒപ്പ് വച്ചിരിക്കുന്നത്.
2022 സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ ഭാഗമായിരുന്ന സച്ചു കഴിഞ്ഞ ഐഎസ്എൽ സീസണിൽ ചെന്നൈയ്ക്കായി 5 മത്സരം കളിച്ചു. കഴിഞ്ഞ മാസമാണ് 3 വർഷ കരാറിൽ ഇന്റർ കാശിയിൽ എത്തിയത്. മികച്ച പരിശീലനം, വിദേശ ലീഗ് പരിചയം തുടങ്ങിയവ താരത്തിന് ലഭ്യമാക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഐ ലീഗ് കഴിഞ്ഞ സീസണിൽ 4–ാം സ്ഥാനത്തായിരുന്നു ഇന്റർ കാശി.