11,000 താരങ്ങൾ, അരലക്ഷം കോടി രൂപ! : രാജ്യാന്തര ഫുട്ബോൾ ട്രാൻസ്ഫറുകളുടെ എണ്ണത്തിൽ സർവകാല റെക്കോർഡ്
Mail This Article
ആകാശത്ത് വിമാനങ്ങൾ പറക്കുന്ന പോലെ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ രാജ്യാതിർത്തികൾ ഭേദിച്ച് ക്ലബ്ബുകൾ മാറിയത് 11,000 കളിക്കാർ! പുരുഷ ഫുട്ബോളിൽ ഒരു അർധ വാർഷിക ട്രാൻസ്ഫർ ജാലകത്തിൽ ഇത്രയും കളിക്കാർ ക്ലബ്ബു മാറുന്നത് സർവകാല റെക്കോർഡാണ്. ഇത്രയും ട്രാൻസ്ഫറുകൾക്കായി ക്ലബ്ബുകൾ ചെലവഴിച്ചത് 646 കോടി ഡോളർ (ഏകദേശം 54,246 കോടി രൂപ!) വനിതാ ഫുട്ബോളിൽ ട്രാൻസ്ഫറുടെ എണ്ണത്തിലും തുകയിലും ഇക്കഴിഞ്ഞ ജൂൺ–സെപ്റ്റംബർ കാലം റെക്കോർഡിട്ടു. ഫിഫ ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിലാണ് കൗതുക വിവരങ്ങൾ.
പുരുഷ ഫുട്ബോൾ
∙ 11,000 താരങ്ങൾ
ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തുള്ള ക്ലബ്ബിലേക്കു മാറിയവരുടെ എണ്ണം മാത്രമാണിത്. രാജ്യത്തിനുള്ളിലെ ക്ലബ്ബിലേക്കു മാറിയവരെ ഈ കണക്കിൽ പെടുത്തിയിട്ടില്ല.
∙ 6300 താരങ്ങൾ
കരാർ കാലാവധി തീർന്നതിനാൽ ട്രാൻസ്ഫർ ഫീ ഇല്ലാതെ ക്ലബ്ബുകൾ മാറിയ കളിക്കാർ. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ നിന്ന് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്കു മാറിയ കിലിയൻ എംബപെ ഇതിലുൾപ്പെടും.
∙ 54,246 കോടി രൂപ
ഇന്റർനാഷനൽ ട്രാൻസ്ഫർ ഫീ ഇനത്തിൽ ക്ലബ്ബുകൾ ചെലവഴിച്ച തുക 646 കോടി ഡോളർ (ഏകദേശം 54,246 കോടി രൂപ). കഴിഞ്ഞ വിൻഡോയിൽ ഇത് 743 കോടി ഡോളർ (ഏകദേശം 62,391 കോടി രൂപ) ആയിരുന്നു.
∙ 697 കോടി രൂപ
അർജന്റീന താരം യൂലിയൻ അൽവാരസ് ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്പാനിഷ് ക്ലബ് അത്‌ലറ്റിക്കോ മഡ്രിഡിലേക്കു പോയത് 8.3 കോടി ഡോളറിന് (ഏകദേശം 697 കോടി രൂപ). ഈ വിൻഡോയിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുക.
വനിതാ ഫുട്ബോൾ
വനിതാ താരങ്ങളുടെ രാജ്യാന്തര ട്രാൻസ്ഫർ ഫീ ഇനത്തിൽ ക്ലബ്ബുകൾ ചെലവഴിച്ച തുക 68 ലക്ഷം ഡോളർ (ഏകദേശം 57 കോടി രൂപ) കഴിഞ്ഞ വിൻഡോയെക്കാളും ഇരട്ടി (3 ലക്ഷം ഡോളർ).
ഇന്ത്യ 75 ലക്ഷം രൂപ
ഈ ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യയിലെത്തിയ വിദേശതാരങ്ങൾ 87. വിദേശ താരങ്ങളുടെ ട്രാൻസ്ഫർ ഫീ ഇനത്തിൽ ഇന്ത്യൻ ക്ലബ്ബുകൾ ചെലവഴിച്ച തുക 89400 ഡോളർ (ഏകദേശം 75 ലക്ഷം രൂപ).